പത്താൻ മകൾക്കൊപ്പം കാണണം; ഷാരൂഖാനെ വെല്ലുവിളിച്ച് മധ്യപ്രദേശ് സ്പീക്കറും രംഗത്ത്

മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയ്ക്ക് പിന്നാലെ നടൻ ഷാരൂഖ് ഖാന്‍റെ പുതിയ ചിത്രം പത്താനിനെതിരെ നിയമസഭാ സ്പീക്കർ ഗിരീഷ് ഗൗതവും. “ഷാരൂഖ് ഖാൻ, അദ്ദേഹത്തിന്‍റെ മകളോടൊപ്പം ഈ സിനിമ കാണണം, അതിന്‍റെ ചിത്രം അപ്‌ലോഡ് ചെയ്യണം, മകൾക്കൊപ്പം ഇത് കാണുന്നുവെന്ന് ലോകത്തോട് പറയണം. ഇങ്ങനെ ചെയ്യാൻ ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു,” ഗിരീഷ് ഗൗതം പറഞ്ഞു. “പത്താൻ” തീയറ്ററുകളിൽ നിരോധിക്കണമെന്ന ആവശ്യങ്ങൾക്കിടയിൽ ഇന്ന് ആരംഭിക്കുന്ന അഞ്ച് ദിവസത്തെ ശീതകാല സമ്മേളനത്തിന് മുന്നോടിയായാണ് ഗൗതം ഇക്കാര്യം പറഞ്ഞത്. വിഷയം നിയമസഭയിൽ ഭരണകക്ഷിയായ ബിജെപി ചർച്ച ചെയ്തേക്കും.
അതേസമയം, പ്രതിപക്ഷ നേതാവ് ഡോ. ഗോവിന്ദ് സിംഗ്, മുൻ കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി എന്നിവരുൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും ചിത്രത്തെ എതിർത്തു, ഇത് നമ്മുടെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നാണ് അവരുടെ നിലപാട്.
“ഇത് പത്താനെക്കുറിച്ചല്ല, വസ്ത്രത്തെ കുറിച്ച് ആണ്.’ സുരേഷ് പച്ചൗരി പറഞ്ഞു, ഇന്ത്യൻ സംസ്കാരത്തിൽ, ഏതൊരു സ്ത്രീയും അത്തരം വസ്ത്രങ്ങൾ ധരിക്കുന്നതും പരസ്യമായി ആ ദൃശ്യം പ്രദർശിപ്പിക്കുന്നതും, അത് ഹിന്ദുക്കളോ മുസ്‌ലീങ്ങളോ മറ്റേതെങ്കിലും മതത്തിലുള്ളവരാകട്ടെ, ആർക്കും അനുവദനീയമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ചയാണ് നരോത്തം മിശ്ര ചിത്രത്തിലെ ഒരു ഗാനത്തെ എതിർത്തത്. പാട്ടിലെ വേഷവിധാനങ്ങൾ പ്രതിഷേധാർഹമാണ്. വൃത്തികെട്ട മാനസികാവസ്ഥയാണ് ഗാനം പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
r5y7r7