പൃഥ്വിരാജിന്റെ ലംബോർഗിനി വിൽപനയ്ക്ക്


പൃഥ്വിരാജിന്റെ പ്രിയപ്പെട്ട ലംബോർഗിനി വിൽപനയ്ക്ക്. ഈയടുത്തിടെ താരം ലംബോർഗിനിയുടെ കേരള രജിസ്ട്രേഷനിലുള്ള എസ്.യു.വി ഉറുസ് സ്വന്തമാക്കിയിരുന്നു. ലംബോർഗിനിയുടെ തന്നെ ഹുറാക്കാൻ എക്സ്ചേഞ്ച് ചെയ്താണ് പ്രീമിയം സെക്കൻഡ് ഹാൻഡ് കാർ ഷോറൂമായ റോയൽ ഡ്രൈവിൽ നിന്ന്

എസ്.യു.വി ഉറുസ് വാങ്ങിയത്. ഇതോടെ തന്റെ പുതിയ ഉടമയെ കാത്തിരിക്കുകയാണ് പൃഥ്വിരാജിന്റെ ഹുറാക്കാൻ. എത്ര വിലയ്ക്കാണ് വാഹനം വിൽപനയ്ക്ക് വെച്ചതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കൊച്ചിയിലെ റോയൽ ഡ്രൈവിന്റെ ഷോറൂമിൽ തലയെടുപ്പോടെയുണ്ട് ലംബോർഗിനിയുടെ ഈ ഹുറാക്കാൻ. 2018ലാണ് താരം ഈ വാഹനം സ്വന്തമാക്കിയത്.

1272 കിലോമീറ്റർ മാത്രമേ ഇതുവരെ ഈ സൂപ്പർ കാർ സഞ്ചരിച്ചിട്ടുള്ളൂ എന്നാണ് റോയൽ ഡ്രൈവ് വ്യക്തമാക്കുന്നത്. ലംബോർഗിനി അവതരിപ്പിച്ചതിൽ ഏറ്റവും വിജയിച്ച മോഡലാണ് ഹുറാക്കാന്റെ എൽ‍പി 580 എന്ന റിയർവീൽ ഡ്രൈവ് മോഡൽ. 5.2 ലീറ്റർ നാച്ചുറലി ആസ്പിരേറ്റഡ് വി 10 എൻജിനാണ് ഈ സൂപ്പർകാറിന്റെ പ്രത്യേകത. 572 ബിഎച്ച്പി കരുത്തും 540 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. ഈ കാറിന്റെ പരമാവധി വേഗം 320 കിലോമീറ്ററാണ്. പൂജ്യത്തിൽ‍ നിന്ന് 100 കിലോമീറ്റർ‍ വേഗം കൈവരിക്കാൻ വെറും 3.4 സെക്കൻഡ് മാത്രമാണ് ഈ കാറിന് വേണ്ടി വരുന്നത്.

ഇപ്പോൾ ലംബോർഗിനിയുടെ എസ്‌യുവി ഉറുസ് സ്വന്തമാക്കിയത് എത്ര രൂപയ്ക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല. കേരള രജിസ്ട്രേഷനിലുള്ള 2019 മോഡൽ ഉറുസിന്റെ അന്നത്തെ ഓൺറോഡ് വില ഏകദേശം 4.35 കോടിയായിരുന്നു. കേരളത്തിൽ ലംബോർഗിനി ഉറുസ് ബുക്ക് ചെയ്താൽ വാഹനം ലഭിക്കാൻ ഏകദേശം ഒരുവർഷം വരെ കാത്തിരിക്കണം എന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 5000 കിലോമീറ്ററിൽ താഴെ ഓടിയ ഉറുസ് ആണ് പൃഥിരാജ് സ്വന്തമാക്കിയിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed