വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന അതിജീവതയുടെ ഹർജി സുപ്രീംകോടതി തള്ളി

നടനും നിർമാതാവുമായ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. കേരള ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്നു വ്യക്തമാക്കിയാണ് സുപ്രീംകോടതി നടപടി. അതേസമയം വിജയ് ബാബുവിന്‍റെ ജാമ്യ വ്യവസ്ഥകളിൽ സുപ്രീം കോടതി മാറ്റം വരുത്തി. ഇതുപ്രകാരം വിജയ് ബാബുവിന് കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകാൻ കഴിയില്ല. കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുന്നതിനും വിലക്കുണ്ട്.
ജൂൺ 27 മുതൽ ജൂലൈ മൂന്ന് വരെ മാത്രമേ ചോദ്യം ചെയ്യൽ പാടുള്ളുവെന്ന ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥയിലും സുപ്രീംകോടതി മാറ്റം വരുത്തി. ഇതോടെ ആവശ്യമായി വന്നാൽ പോലീസിനു തുടർന്നും വിജയ് ബാബുവിനെ ചോദ്യം ചെയ്യാം. അതിജീവിതയെ അധിക്ഷേപിക്കാൻ പാടില്ല. തെളിവു നശിപ്പിക്കുന്നതിനോ സാക്ഷികളെ സ്വാധീനിക്കുന്നതിനോ ഉള്ള ശ്രമങ്ങൾ പാടില്ല. തുടങ്ങിയ വ്യവസ്ഥകളും ജാമ്യവ്യവസ്ഥയുടെ ഭാഗമാക്കിക്കൊണ്ടാണ് ജഡ്ജിമാരായ ഇന്ദിര ബാനർജി, ജെ.കെ മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ച് ഹർജി തീർപ്പാക്കിയത്.