റിലീസ് ചെയ്തിട്ട് പത്താം വർഷം :ഡാം 999 സിനിമയുടെ നിരോധനം നീട്ടി തമിഴ്‌നാട്


ചെന്നൈ: റിലീസ് ചെയത് 10 വർഷം പിന്നിട്ടിട്ടും ഡാം 999 സിനിമയുടെ റിലീസിന് നിരോധനം നീട്ടി തമിഴ്‌നാട് സർക്കാർ. മുല്ലപ്പെരിയാർ വിവാദത്തിൽപ്പെട്ട ഡാം 999 എന്ന സിനിമ ഇറങ്ങിയത് മുതൽ തമിഴ്‌നാട്ടിൽ പ്രദർശനം നിരോധിച്ചിരിക്കുകയാണ്. സുപ്രീം കോടതി വരെ പ്രദർശനാനുമതി നൽകിയിട്ടും ഇതുവരെ ചിത്രം തമിഴ്‌നാട്ടിൽ പ്രദർശിപ്പിച്ചിട്ടില്ല. ഈ വർഷം സെപ്തംബർ വരെ ഉണ്ടായിരുന്ന നിരോധനമാണ് ഇപ്പോൾ പുതുക്കിയത്.കാലാവധി അവസാനിക്കുന്നതിന് അനുസരിച്ച് നിരോധനം കൃത്യമായി പുതുക്കുന്ന നടപടി ദു:ഖകരമാണെന്ന് ചിത്രത്തിന്റെ സംവിധായകൻ ഡോ സോഹൻ റോയ് പറഞ്ഞു.

2011ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ കഥയ്‌ക്ക് മുല്ലപ്പെരിയാർ അണക്കെട്ടുമായി സാമ്യമുണ്ട് എന്ന വാദം ഉന്നയിച്ചാണ് തമിഴ്‌നാട്ടിൽ ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയത്.വർഷങ്ങളോളം പഴക്കമുള്ള ഒരു അണക്കെട്ടും അത് തകരുമ്പോൾ ഉണ്ടാകുന്ന ദുരന്തവും പ്രമേയമാക്കിയാണ് ഡാം 999 സിനിമ നിർമ്മിച്ചത്. ഇതിന് മുല്ലപ്പെരിയാർ അണക്കെട്ടുമായി സാമ്യമുണ്ടെന്നാണ് തമിഴ്‌നാട് ഉന്നയിക്കുന്ന ആരോപണം. ചിത്രം പുറത്തിറങ്ങിയ സമയത്ത് ഇന്ത്യൻ പാർലമെന്റ് വരെ തടസ്സപ്പെടുത്തുന്നത് അടക്കമുള്ള സംഘർഷങ്ങൾ ഉണ്ടായിരുന്നു. ചിത്രത്തിന്റെ പോസ്റ്റർ പതിക്കാൻ സമ്മതിക്കാതിരിക്കുക,പ്രദർശിപ്പിക്കാൻ മുന്നോട്ട് വരുന്ന തിയേറ്ററുകൾക്ക് ഫൈൻ ഏർപ്പെടുത്തുക,ചാനലുകളെ സ്വാധീനിച്ച് സാറ്റ്‌ലൈറ്റ് അവകാശം എടുപ്പിക്കാതിരിക്കുക തുടങ്ങിയ പലപ്രശ്‌നങ്ങളും സിനിമയുടെ അണിയറ പ്രവർത്തകർക്ക് അഭിമുഖീകരിക്കേണ്ടതായി വന്നിരുന്നു.

ഒട്ടേറെ രാജ്യാന്തര ബഹുമതികൾ കരസ്ഥമാക്കിയ ചിത്രമാണ് ഡാം 999. ഓസ്‌കറിന്റെ ചുരുക്കപ്പട്ടികയിലേക്ക് മുന്നുകാറ്റഗറികളിലായി അഞ്ചു എൻട്രികൾ ചിത്രം നേടിയിരുന്നു. ഇതു കൂടാതെ തൊട്ടടുത്ത വർഷത്തെ ഗോൾഡൻ റൂസ്റ്റർ അവാർഡിലേക്ക് പന്ത്രണ്ട് കാറ്റഗറികളിൽ മത്സരിക്കാനും ചിത്രം യോഗ്യത നേടിയിരുന്നു. ചൈനീസ് ഓസ്‌കർ എന്നറിയപ്പെടുന്ന ഈ അവാർഡിനായി മത്സരിക്കാൻ യോഗ്യത നേടിയ ആദ്യ ഇന്ത്യൻ സിനിമ കൂടിയാണ് ഇത്.

അതേ സമയം തമിഴ്‌നാട്ടിൽ ചിത്രത്തിന് നിരോധനം തുടരുമ്പോഴും പത്താം വാർഷികാഘോഷത്തിന്റെ ഈ വേളയിൽ വാരാന്ത്യങ്ങളിലെ വെബിനാറുകളിലൂടെ ചിത്രത്തിന്റെ ചിത്രീകരണവേളയിലെ അവിസ്മരണീയാനുഭവങ്ങൾ പുതുക്കുന്ന ജോലിയിലാണ് ഇപ്പോൾ അണിയറ പ്രവർത്തകർ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed