മേലില്‍ ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകില്ല; സുധ ചന്ദ്രനോട് മാപ്പ് പറഞ്ഞ് സിഐഎസ്എഫ്

ന്യൂഡല്‍ഹി: അറ്റുപോയ ജീവിതം ഒരു കൃത്രിമ കാലിന്‍റെ ചുവടുകളിലൂടെ തിരികെ പിടിച്ചു വിജയിച്ച നര്‍ത്തകി സുധ ചന്ദ്രനോട് പറ്റിയ പിഴവില്‍ മാപ്പ് പറഞ്ഞ് സിഐഎസ്എഫ്. വിമാനത്താവളങ്ങളില്‍ തന്‍റെ കൃത്രിമ കാല്‍ ഊരിമാറ്റി പരിശോധിക്കുന്നത് വേദനിപ്പിക്കുന്നു എന്ന പ്രശസ്ത നര്‍ത്തകി സുധ ചന്ദ്രന്‍റെ പരാതിയിലാണ് സിഐഎസ്എഫ് മാപ്പ് പറഞ്ഞത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓരോ തവണയും തന്‍റെ കൃത്രിമ കാല്‍ ഊരി മാറ്റി പരിശോധിക്കുന്നത് മൂലം വളരെ വേദന അനുഭവിക്കേണ്ടി വരുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് സുധ ചന്ദ്രന്‍ പരാതി ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്‍റെയും ശ്രദ്ധ ക്ഷണിച്ചായിരുന്നു ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് കൂടിയായ സുധയുടെ പരാതി. വിമാന യാത്രകള്‍ക്കിടെ താന്‍ നേരിടേണ്ടി വരുന്ന ദുരിതം ചൂണ്ടിക്കാട്ടി സുധ ചന്ദ്രന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പതിനായിരക്കണക്കിന് ആളുകളാണ് പ്രതികരണം അറിയിച്ചത്. അതോടെയാണ് വിമാനത്താവളങ്ങളില്‍ സുരക്ഷ ചുമതലയുള്ള സിഐഎസ്എഫ് മാപ്പ് അപേക്ഷിച്ച് രംഗത്തെത്തിയത്.
"സുധ ചന്ദ്രനോട് ഞങ്ങള്‍ മാപ്പ് പറയുന്നു. എന്ത് കൊണ്ടാണ് വനിത ഉദ്യോഗസ്ഥര്‍ അവരുടെ കൃത്രിമക്കാല്‍ അഴിച്ചു പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടത് എന്ന കാര്യം പരിശോധിക്കും. യാത്രക്കാര്‍ക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നതല്ല. സുധയ്ക്ക് മേലില്‍ ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകില്ല' - സിഐഎസ്എഫ് വ്യക്തമാക്കി. പ്രധാനമന്ത്രിയോടും കേന്ദ്ര സര്‍ക്കാരിനോടും ഉള്ള അപേക്ഷ എന്നു വ്യക്തമാക്കിയാണ് സുധ തന്‍റെ ദുരിതം വിവരിച്ചത്. താന്‍ കൃത്രിമ കാല്‍ വെച്ച് നൃത്തം ചെയ്ത് ചരിത്രം രചിക്കുകയും രാജ്യത്തിന്‍റെ അഭിമാനമാകുകയും ചെയ്ത വ്യക്തിയാണ്. ഓരോ തവണയും വിവമാന യാത്രകള്‍ നടത്തുമ്പോള്‍ എയര്‍പോര്‍ട്ടുകളില്‍ കൃത്രിമ കാല്‍ അഴിച്ചു മാറ്റി പരിശോധനയ്ക്ക് വിധേയയാകേണ്ടി വരുന്നു. ഡിറ്റക്ടര്‍ ഉപയോഗിച്ച് കൃത്രിമ കാല്‍ പരിശോധിച്ചൂ കൂടെ എന്നു ചോദിച്ചിട്ടും ഉദ്യോഗസ്ഥര്‍ ഇത് അഴിച്ചു വെപ്പിക്കുകയാണ് പതിവ്. ഇത് മനുഷ്യത്വ പരമാണോ, ഇതേക്കുറിച്ചാണോ രാജ്യം ഇപ്പോള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത്. ഇതാണോ നമ്മുടെ സമൂഹത്തില്‍ ഒരു സ്ത്രീ മറ്റൊരു സ്ത്രീക്കു നല്‍കുന്ന ബഹുമാനം എന്നും സുധ പ്രധാനമന്ത്രി ഉള്‍പ്പടെ ഉള്ളവരോട് ചോദിച്ചു. അതിന്‍റെ അനന്തര ഫലമായിരുന്നു സിഐഎസ്എഫ് നടത്തിയ മാപ്പ് അപേക്ഷ.
തന്നെ പോലെയുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേക തിരിച്ചറിയില്‍ കാര്‍ഡ് നല്‍കണമെന്നും അവര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മദ്രാസില്‍ നിന്ന് നൃത്ത പരിപാടിക്ക് ശേഷം രക്ഷിതാക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ തിരുച്ചിറപ്പളിയില്‍ വച്ചുണ്ടായ അപകടത്തി സുധയുടെ കാല്‍ നഷ്ടപ്പെടുന്നത്. ഏറെ നാളത്തെ വിശ്രമത്തിന് ശേഷം കൃത്രിമ കാലുമായി സുധനൃത്തരംഗത്തും അഭിനയരംഗത്തും തിരിച്ചെത്തി. ഒട്ടനവധി ടെലിവിഷന്‍ പരിപാടികളില്‍ ഷോകളില്‍ പങ്കെടുക്കുന്നുണ്ട് സുധ. തന്‍റെ സ്വന്തം ജീവിതത്തെ അടിസ്ഥാനമാക്കി എടുത്ത മയൂരി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിനാണ് ദേശീയ അവാര്‍ഡ് ലഭിച്ചത്.