കെ.എം. കുഞ്ഞുമോന്‍ എന്‍സിപിയില്‍നിന്നു രാജിവച്ചു; ഇനി കോൺഗ്രസ്സിലേക്ക്


കൊച്ചി: എല്‍ഡിഎഫ് ആലുവ നിയോജക മണ്ഡലം കണ്‍വീനറും എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതിയംഗവുമായ കെ.എം. കുഞ്ഞുമോന്‍ എന്‍സിപിയില്‍നിന്നു രാജിവച്ചു. സംസ്ഥാന പ്രസിഡന്‍റ് പി.സി. ചാക്കോയുടെ ഏകപക്ഷീയമായ നടപടിയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്നും തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കെ.എം. കുഞ്ഞുമോന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റായി ചുതലയേറ്റതു മുതല്‍ പാര്‍ട്ടിയില്‍ ഇഷ്ടക്കാരെ തിരുകി കയറ്റുകയാണ് പി.സി. ചാക്കോ. വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരെ തഴഞ്ഞുകൊണ്ടു ഇത്തരം പ്രവണത അംഗീകരിക്കാന്‍ കഴിയില്ല. പാര്‍ട്ടിയില്‍ മതേതരത്വം നഷ്ടപ്പെട്ടിരിക്കുന്നു. അത് നേതൃത്വത്തിലെത്തിയിരിക്കുന്നവരെ നോക്കിയാല്‍ മനസിലാകും. മുന്‍ പ്രസിഡന്‍റ് അച്ചടക്ക നടപടിക്ക് പുറത്താക്കിയ ഒരാളെ ചുമതലയേറ്റ് 15 ദിവസത്തിനകം ചാക്കോ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. ഇത്തരത്തിലുള്ള ഏകാധിപത്യ പ്രവണതകള്‍ പ്രതിഷേധാര്‍ഹമാണ്. മെമ്പര്‍ഷിപ്പ് പോലും ഇല്ലാതെ പാര്‍ട്ടിയുടെ തലപ്പത്തെത്തിയ ചാക്കോയെ അംഗീകരിച്ച തങ്ങളെ തഴയുക മാത്രമാണ് പി.സി. ചാക്കോ ചെയ്തതെന്നും കുഞ്ഞുമോന്‍ പറഞ്ഞു.

പ്രവര്‍ത്തകരടക്കം ആയിരത്തോളം പേരാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നത്. നാളെ എറണാകുളം ടൗണ്‍ ഹാളില്‍ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍റെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

You might also like

Most Viewed