കനി കുസൃതിയെ തേടി വീണ്ടും അന്താരാഷ്ട്ര പുരസ്കാരം

ബിരിയാണിയിലെ അഭിനയത്തിന് വീണ്ടും കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്കാരം. 42ാമത് മോസ്‌കോ ഫിലിം ഫെസ്റ്റിവലിൽ ബ്രിക്‌സ് മത്സര വിഭാഗത്തിലാണ് കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.
പ്രശസ്ത റഷ്യൻ എഴുത്തുകാരനും, സംവിധായകനുമായ സെർജി മോർക്രിസ്റ്റ്സ്‌കി ജൂറി അദ്ധ്യക്ഷനായ സമിതിയാണ് അവാർഡ് നിർണയിച്ചത്. ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായി പ്രദർശിപ്പിച്ച് മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാർഡ് നേടിയ ചിത്രമാണ് ബിരിയാണി. സ്പെയിനിലെ മാഡ്രിഡിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ കനി കുസൃതിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്കാരവും ലഭിച്ചിരുന്നു.
കടൽതീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. കദീജയായി കനി കുസൃതിയും ഉമ്മയായി ശൈലജ ജലയും അഭിനയിക്കുന്നു. കൂടാതെ സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കൽ ജയചന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി വരുന്നുണ്ട്. യു.എ.എൻ ഫിലിം ഹൗസിന്‍റെ ബാനറിൽ നിർമ്മിച്ച “ബിരിയാണി”യുടെ രചനയും സംവിധാനവും സജിൻ ബാബു നിർവ്വഹിച്ചിരിക്കുന്നു.