83 ബില്യൺ ഡോളറിന് വാർണർ ബ്രോസ് ഡിസ്‌കവറി ഏറ്റെടുത്ത് നെറ്റ്ഫ്ലിക്സ്
ശാരിക / മുംബൈ
ലോകോത്തര സിനിമകളുടെയും ഷോകളുടെയും ഉടമകളായ വാർണർ ബ്രോസ് ഡിസ്‌കവറിയെ നെറ്റ്ഫ്ലിക്സ് ഏറ്റെടുത്തത് തിയേറ്ററുകൾ കാലിയാക്കുമെന്ന് ആശങ്ക. രാജ്യത്തെ തിയേറ്റർ ഉടമകളുടെ കൂട്ടായ്മയായ മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (MAI) ആണ് ഏറ്റെടുക്കൽ കരാറിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. 83 ബില്യൺ ഡോളറിന് (ഏകദേശം 7.48 ലക്ഷം കോടി രൂപ) വാർണർ ബ്രോസ് ഡിസ്‌കവറിയുടെ ഹോളിവുഡ് സ്റ്റുഡിയോയും ടി.വി സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ എച്ച്.ബി.ഒ മാക്സുമാണ് നെറ്റ്ഫ്ലിക്സ് വാങ്ങിയത്.
മൊബൈൽ ഫോണുകളിലൂടെയും ടി.വികളിലൂടെയും സിനിമകളും സീരീസുകളും കാണാനുള്ള സൗകര്യം ശക്തമാകുന്നതോടെ തിയേറ്ററുകളിലേക്ക് വരുന്നവരുടെ എണ്ണം ഗണ്യമായി കുറയുമെന്നതാണ് ഉടമകളുടെ ആശങ്കയ്ക്ക് കാരണം. തിയേറ്റർ വ്യവസായത്തിന്റെ കുത്തകയായ പി.വി.ആർ ഐനോക്സ് അടക്കം 22 അംഗങ്ങളാണ് MAI-ലുള്ളത്. ആമസോൺ എം.ജി.എം സ്റ്റുഡിയോയെ ഏറ്റെടുത്തപ്പോൾ സിനിമകൾ കൂടുതൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ശ്രമിച്ചത് എതിർപ്പുകൾക്കിടയാക്കിയിരുന്നില്ല. എന്നാൽ, നെറ്റ്ഫ്ലിക്സ് സിനിമകൾ തിയേറ്ററുകൾക്ക് പകരം ഉപഭോക്താവിന്റെ മൊബൈൽ ഫോണിലാണ് റിലീസ് ചെയ്യുന്നത്. വരുമാനം കുറഞ്ഞതിനാലും സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് വാർണർ ബ്രോസ് ഡിസ്‌കവറി ആസ്തികൾ വിൽപന നടത്തിയത്. ഇത് ആഗോള മാധ്യമ വ്യവസായ രംഗത്തെ ഏറ്റവും വലിയ കരാറാണ്. കരാർ യാഥാർത്ഥ്യമായതോടെ എച്ച്.ബി.ഒ മാക്സിന്റെ ഭീമൻ ശേഖരം കുറഞ്ഞ തുകയ്ക്ക് നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷനിലൂടെ ലഭിക്കുമെന്നത് ഉപഭോക്താക്കൾക്ക് ഗുണകരമാകും.
പുതിയ സിനിമകൾ മൊബൈൽ ഫോണുകളിലും വീടുകളിലും റിലീസ് ചെയ്യുന്ന ട്രെൻഡ് ശക്തമായാൽ തിയേറ്ററുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടും. തിയേറ്ററുകൾ ഒരു സാംസ്കാരിക കേന്ദ്രം കൂടിയാണെന്നും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതോപാധിയാണെന്നും MAI പ്രസിഡന്റ് കമൽ ഗിയചന്ദാനി അഭിപ്രായപ്പെട്ടു. തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ഗുണമേന്മയുള്ള സിനിമകളുടെ എണ്ണം കുറയുമെന്നതും, തിയേറ്റർ റിലീസും സ്ട്രീമിംഗ് റിലീസും തമ്മിലുള്ള ഇടവേള കുറയുകയോ അല്ലെങ്കിൽ ഒരേസമയം റിലീസ് ചെയ്യുകയോ ചെയ്യുമെന്നതുമാണ് അദ്ദേഹം പങ്കുവെക്കുന്ന പ്രധാന ആശങ്കകൾ. ഈ വിഷയങ്ങൾ കേന്ദ്ര സർക്കാറുമായും റെഗുലേറ്റർമാരുമായും ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ിേിി
