ബഹ്റൈൻ കേരളീയ സമാജത്തിന്റെ പ്രഥമ ആരോഗ്യമിത്രം പുരസ്കാരം ഡോ വി പി ഗംഗാധരന്

ബഹ്റൈൻ കേരളീയ സമാജത്തിന്റെ പ്രഥമ ആരോഗ്യമിത്രം പുരസ്കാരം ഡോ വി പി ഗംഗാധരന് സമ്മാനിക്കും. നാളെ വൈകീട്ട് എട്ട് മണിക്ക് കേരളീയ സമാജം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിലാണ് പുരസ്കാര ദാനം നടക്കുന്നത്. ആരോഗ്യമേഖലയിൽ മികവ് തെളിയിക്കുന്നതിനോടൊപ്പം മനുഷ്യത്വപരമായ മൂല്യങ്ങൾ ഉയർത്തി പിടിക്കുകയും ചെയ്യുന്ന ആരോഗ്യപ്രവർത്തകരെ ആദരിക്കുന്നതിനായാണ് ആരോഗ്യമിത്രം പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഇത് സംബന്ധിച്ച് ഇന്ന് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.
പുരസ്കാര ദാന ചടങ്ങിനോട് അനുബന്ധിച്ച് കേരളീയ സമാജം ആരംഭിക്കുന്ന കാൻസർ അസിസ്റ്റന്റ്സ് ഫോറത്തിന്റെ ഉദ്ഘാടനവും നടക്കും. കാൻസർ രോഗവുമായി ബുദ്ധിമുട്ടുന്നവരെ സഹായിക്കുവാനും അവർക്ക് വേണ്ട ചികിത്സസൗകര്യങ്ങൾ ഒരുക്കുവാനുമാണ് ഈ ഫോറം രൂപീകരിച്ചിരിക്കുന്നത്.
ഒക്ടോബർ 5ന് ബുധനാഴ്ച്ച രാവിലെ വിജയദശമി ദിനത്തിൽ പുലർച്ചെ അഞ്ച് മണി മുതൽ എഴുത്തിനിരുത്ത് ചടങ്ങിൽ ഡോ വി പി ഗംഗാധരനും, ഭാര്യയും പ്രശസ്ത കാൻസർ രോഗ വിദഗ്ധയുമായ ഡോ ചിത്രതാരയും പങ്കെടുക്കും. മെഡിക്കൽ റിപ്പോർട്ട് സഹിതം റെജിസ്റ്റർ ചെയ്യുന്നവർക്ക് ഇവരെ രണ്ട് പേരെയും കാണുവാനായും കൗൺസിലിങ്ങിനും അവസരമൊരുക്കുമെന്നും സമാജം ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സമാജം ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.