മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസം; ജൂഡും സാമും നാട്ടിലേയ്ക്ക് മടങ്ങുന്നു
മനാമ: മൂന്ന് പതീറ്റാണ്ടും കഴിഞ്ഞുള്ള പ്രവാസ ലോകമെന്ന് പറഞ്ഞാൽ മലയാളികളെ സംബന്ധിച്ചിടത്തോളം വലിയ അത്ഭുതമല്ലെങ്കിലും ഹമീദ് അൽ നു കന്പനിയിലെ ജീവനക്കാരായ ജൂഡ്, സാം എന്നിവർ ഇത്രയുംകാലം ഒരേ കന്പനിയിൽ ഒരുമിച്ച് ജോലി ചെയ്ത് ഒരുമിച്ച് പ്രവാസം അവസാനിപ്പിക്കുന്നു എന്നതാണ് പ്രത്യേകത.ആലുവ ഉപ്പുതറ സ്വദേശിയാണ് ജൂഡ്, സാം കോട്ടയം പാന്പാടി സ്വദേശിയാണ്. സാം എത്തിയിട്ട് 37 വർഷമായി. കൃത്യമായി പറഞ്ഞാൽ 1981 ജൂൺ 10നായിരുന്നു ഈ കന്പനിയിൽ പ്രവേശിച്ചത്. കന്പനിയിലെ ഫോർമാനായിട്ടായിരുന്നു പ്രവേശനം. അഞ്ച് വർഷം കൂടി കഴിഞ്ഞാണ് ജൂഡ് എത്തിയത്. നല്ലൊരു മെക്കാനിക്ക് ആയിരുന്നെങ്കിലും ലൈസൻസ് എടുത്ത് ഡ്രൈവർ ആയിട്ടായിരുന്നു ജോലിയിൽ തുടർന്നത്.
പിന്നീട് ബഹ്റൈന്റെ ഓരോ ഉയർച്ചയും മലയാളികളുടെ വളർച്ചയും എല്ലാം വളരെ പെട്ടെന്നായിരുന്നുവെന്ന് രണ്ട് പേരും ഓർക്കുന്നു. ആദ്യ കാലങ്ങളിൽ വളരെയധികം കഷ്ടതകൾ അനുഭവിച്ചു. എങ്കിലും നാട്ടിൽ തങ്ങളെ ആശ്രയിച്ച് കഴിയുന്നവർക്ക് വേണ്ടി എല്ലാം നിശബ്ദമായി സഹിച്ചു. വേദനിക്കുന്പോൾ സാന്ത്വനിപ്പിക്കാനും സന്തോഷങ്ങൾ പങ്കുെവയ്ക്കാനും ഇരുവരും എന്നും കാണും. അതിനിടെ മക്കൾക്ക് വിദ്യാഭ്യാസവും നൽകി.
സാമിന്റെ മൂത്ത മകൾ െസ്റ്റഫി ബി.എസ്.സി നഴ്‌സിംഗ് കഴിഞ്ഞു. രണ്ടാമത്തെ മകൾ െസ്റ്റനി ഇപ്പോൾ പ്ലസ് വൺ കഴിഞ്ഞു. ഭാര്യ ഗ്രേസിക്കുട്ടി. ജൂഡിയുടെ മൂത്ത മകൻ മനു ജൂഡി ബികോം കഴിഞ്ഞു. രണ്ടാമത്തെ മകൻ അർജ്ജുൻ ജൂഡി പ്ലസ് വൺ വിദ്യാർത്ഥിയാണ്. ഭാര്യ രേഖ. രണ്ട് പേർക്കും ബഹ്‌റൈനിൽ നല്ല സുഹൃദ് ബന്ധങ്ങൾ ഉണ്ട്. സാം സെഗയ്യയിലെ ഷാരോൺ ഫെല്ലോഷിപ്പ് ആരാധനാലവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. ജൂഡ് ബഹ്‌റൈൻ ഒ.ഐ.സി.സിയുടെ സജീവ പ്രവർത്തകനാണ്.
ഇത്രയും കാലത്തെ ഗൾഫ് ജീവിതം നല്ലത് മാത്രമേ സമ്മാനിച്ചിട്ടുള്ളൂ എന്നും ആത്മാർഥതയോടെ ഈ രാജ്യത്തെ സ്നേഹിക്കണം എന്നുമാണ് തങ്ങൾക്ക് പറയാനുള്ളതെന്നും ഇരുവരും പറഞ്ഞു. ഇന്ന് വൈകീട്ടത്തെ ജെറ്റ് എയർ വിമാനത്തിൽ രണ്ടു പേരും നാട്ടിലേയ്ക്ക് തിരിക്കും.

