ബഹ്‌റൈൻ ഓട്ടം ഫെയറിന് ജനുവരി 22-ന് തുടക്കമാകും; 24 രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുമായി സഖീർ ഒരുങ്ങുന്നു
പ്രദീപ് പുറവങ്കര / മനാമ
രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കമായ 'ഓട്ടം ഫെയർ' ജനുവരി 22 മുതൽ 31 വരെ സഖീറിലെ എക്സിബിഷൻ വേൾഡ് ബഹ്‌റൈനിൽ നടക്കും. പത്ത് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ പ്രാദേശികവും അന്തർദ്ദേശീയവുമായ ബ്രാൻഡുകൾ അണിനിരക്കുന്ന വിപുലമായ ഉൽപ്പന്ന ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. 24-ലധികം രാജ്യങ്ങളിൽ നിന്നുള്ള അറുന്നൂറിലധികം പ്രദർശകർ പങ്കെടുക്കുന്ന ഇത്തവണത്തെ മേളയിൽ പത്തായിരത്തിലധികം വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്കായി പ്രദർശിപ്പിക്കും. ഏകദേശം രണ്ട് ലക്ഷത്തിലധികം സന്ദർശകർ ഈ വർഷം ഫെയറിൽ എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ.
പുതിയ പവലിയനുകൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾ, പരമ്പരാഗത കരകൗശല വസ്തുക്കൾ, വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങൾ എന്നിവ ഇത്തവണത്തെ പ്രത്യേകതയാണ്. കുടുംബങ്ങൾക്കായി പ്രത്യേക വിനോദ പരിപാടികളും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. സന്ദർശകരുടെ തിരക്ക് കണക്കിലെടുത്ത് വിപുലമായ സൗകര്യങ്ങളാണ് എക്സിബിഷൻ വേൾഡ് ബഹ്‌റൈന്റെ രണ്ട്, മൂന്ന്, അഞ്ച്, ആറ് ഹാളുകളിലായി സജ്ജീകരിച്ചിരിക്കുന്നത്.
മേളയുടെ പ്രവർത്തന സമയം ദിവസേന രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയായിരിക്കും. പ്രവേശനം തികച്ചും സൗജന്യമാണെങ്കിലും, സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഔദ്യോഗിക വെബ്സൈറ്റിലൂടെയുള്ള മുൻകൂട്ടി രജിസ്‌ട്രേഷൻ നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.
sdfsdf

