ബഹ്‌റൈനിൽ വ്യാജ ട്രാവൽ ഏജൻസി വഴി വൻ തട്ടിപ്പ്; രണ്ട് പേർ പിടിയിൽ


പ്രദീപ് പുറവങ്കര / മനാമ 

വിമാന ടിക്കറ്റ് ഓഫറുകളും ആകർഷകമായ ടൂർ പാക്കേജുകളും വാഗ്ദാനം ചെയ്ത് നൂറുകണക്കിന് ആളുകളെ വഞ്ചിച്ച രണ്ട് പ്രതികളെ ബഹ്‌റൈൻ സുരക്ഷാ സേന പിടികൂടി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാനുള്ള വിഭാഗം നടത്തിയ അന്വേഷണത്തിന് പിന്നാലെ പബ്ലിക് പ്രോസിക്യൂഷൻ ഇടപെട്ടാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടിയിലായ ഇവരെ നിലവിൽ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.

ഇൻസ്റ്റാഗ്രാമിലൂടെ വ്യാജമായ ഒരു ട്രാവൽ ഏജൻസി അക്കൗണ്ട് സൃഷ്ടിച്ചായിരുന്നു പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. കുറഞ്ഞ നിരക്കിലുള്ള വിദേശ യാത്രാ പാക്കേജുകൾ പരസ്യം ചെയ്ത് ആളുകളെ ആകർഷിക്കുകയും, അവരിൽ നിന്ന് പണം വാങ്ങിയ ശേഷം ടിക്കറ്റുകളോ മറ്റ് വാഗ്ദാനം ചെയ്ത സേവനങ്ങളോ നൽകാതെ വഞ്ചിക്കുകയുമായിരുന്നു ഇവരുടെ രീതി. നിലവിലില്ലാത്ത ഒരു കമ്പനിയുടെ പേര് ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തട്ടിപ്പിനിരയായവരുടെ പരാതി ലഭിച്ച ഉടൻ തന്നെ പബ്ലിക് പ്രോസിക്യൂഷൻ പ്രതികൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്ന് സാമ്പത്തിക തട്ടിപ്പിന്റെ കൃത്യമായ തെളിവുകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു. സമാനമായ രീതിയിൽ മറ്റ് ആളുകൾക്കും പണം നഷ്ടമായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പോലീസ് വിഭാഗത്തിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം ഓൺലൈൻ തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ടിക്കറ്റുകളും ടൂർ പാക്കേജുകളും ബുക്ക് ചെയ്യുമ്പോൾ സ്ഥാപനങ്ങളുടെ ആധികാരികതയും ലൈസൻസും കൃത്യമായി ഉറപ്പുവരുത്തണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

article-image

iuytiuy

You might also like

  • Lulu Exchange
  • Straight Forward

Most Viewed