ബഹ്‌റൈനിൽ തൊഴിൽ നിയമലംഘകർക്കെതിരെ കർശന നടപടി; ഒരാഴ്ചയ്ക്കിടെ 97 പേരെ നാടുകടത്തി


പ്രദീപ് പുറവങ്കര / മനാമ

ബഹ്‌റൈനിലെ തൊഴിൽ വിപണിയിലെ നിയമസാധുതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) പരിശോധനകൾ ശക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ 530 പരിശോധനകളിൽ നിയമലംഘനം കണ്ടെത്തിയ 97 പേരെ നാടുകടത്തുകയും ഒമ്പത് പേരെ തടങ്കലിലാക്കുകയും ചെയ്തു. വിവിധ ഗവർണറേറ്റുകളിലെ വ്യാപാര സ്ഥാപനങ്ങളിലും കടകളിലുമായി നടത്തിയ 509 സന്ദർശനങ്ങൾക്ക് പുറമെ, ആഭ്യന്തര മന്ത്രാലയം ഉൾപ്പെടെയുള്ള വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് 21 സംയുക്ത പരിശോധനകളും അധികൃതർ പൂർത്തിയാക്കി.

രാജ്യത്തെ റെസിഡൻസി നിയമങ്ങളും എൽ.എം.ആർ.എ നിബന്ധനകളും ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സ്വീകരിച്ചുവരുന്നത്. രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷയെ ബാധിക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക എന്നതാണ് ഈ കാമ്പയിനുകളുടെ പ്രധാന ലക്ഷ്യം. വരും ദിവസങ്ങളിലും പരിശോധനകൾ ഊർജിതമായി തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

നിയമവിരുദ്ധമായ തൊഴിൽ രീതികളോ നിയമലംഘനങ്ങളോ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ അത് അധികൃതരെ നേരിട്ട് അറിയിക്കാവുന്നതാണ്. www.lmra.gov.bh എന്ന വെബ്‌സൈറ്റ് വഴിയോ അല്ലെങ്കിൽ 17506055 എന്ന കോൾ സെന്റർ നമ്പറിലോ വിവരങ്ങൾ കൈമാറാൻ സൗകര്യമുണ്ടെന്നും എൽ.എം.ആർ.എ അറിയിച്ചു.

article-image

dfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed