പ്രവാസികളെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും കവർച്ച നടത്തുകയും ചെയ്ത സംഭവം: വിചാരണ ആരംഭിച്ച് ബഹ്റൈൻ കോടതി


പ്രദീപ് പുറവങ്കര

മനാമ: സൽമാബാദിൽ പ്രവാസികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി തടങ്കലിൽ വെക്കുകയും, മർദ്ദിക്കുകയും, കത്തിമുനയിൽ ഫോൺ കവരുകയും ചെയ്ത കേസിൽ 34 വയസ്സുള്ള രണ്ട് ബഹ്‌റൈൻ സ്വദേശികളുടെ വിചാരണ ഹൈ ക്രിമിനൽ കോടതിയിൽ ആരംഭിച്ചു.

സൽമാബാദിലേക്ക് വിളിപ്പിച്ചു വരുത്തിയ 42 വയസ്സുള്ള ബംഗ്ലാദേശി ഡ്രൈവറെ പ്രതികൾ ചേർന്ന് മർദ്ദിക്കുകയും ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോവുകയുമായിരുന്നു. തടയാൻ ശ്രമിച്ച ഡ്രൈവറുടെ സഹപ്രവർത്തകനെയും പ്രതികൾ ആക്രമിച്ചു. തുടർന്ന് ഒന്നാം പ്രതി കത്തികാട്ടി ഭീഷണിപ്പെടുത്തി ഡ്രൈവറുടെ ഫോൺ കവർന്നു. ഈ ഫോൺ ഉപയോഗിച്ച് 34 കാരിയായ റഷ്യൻ യുവതിയുടെ ലൊക്കേഷൻ മനസ്സിലാക്കുകയും, സന്ദേശമയച്ച് അൽ ഹൂറയിലേക്ക് വിളിപ്പിച്ചു വരുത്തുകയും ചെയ്തു.

അവിടെയെത്തിയ യുവതിയെയും ബലപ്രയോഗത്തിലൂടെ വാഹനത്തിൽ കയറ്റി ഒന്നാം പ്രതിയുടെ വീട്ടിലെത്തിച്ച് തടങ്കലിൽ വെക്കുകയായിരുന്നു. പിന്നീട് വിവരമറിഞ്ഞെത്തിയ പോലീസാണ് ഇവരെ മോചിപ്പിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ കവർന്ന ഫോൺ ഒന്നാം പ്രതിയിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ കുറ്റകൃത്യത്തിൽ പങ്കാളികളായതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്.

കൊള്ള, തട്ടിക്കൊണ്ടുപോകൽ, അനധികൃതമായി തടങ്കലിൽ വെക്കൽ, വധഭീഷണി, ആക്രമണം എന്നീ കുറ്റങ്ങളാണ് പബ്ലിക് പ്രോസിക്യൂഷൻ പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ ഒന്നാം പ്രതിയുടെ അഭിഭാഷകന് വാദം ഉന്നയിക്കുന്നതിനായി കേസ് സെപ്റ്റംബർ 13-ലേക്ക് മാറ്റി. പ്രതികൾ നിലവിൽ കസ്റ്റഡിയിൽ തുടരുകയാണ്.

article-image

essg

You might also like

  • Lulu Exchange
  • Straight Forward

Most Viewed