ഭിന്നശേഷിക്കാർക്കുള്ള പാർക്കിംഗ് സൗകര്യം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് ബഹ്‌റൈൻ എം.പി


പ്രദീപ് പുറവങ്കര

മനാമ: ഭിന്നശേഷിക്കാർക്കായി നിയമപരമായി നീക്കിവെച്ചിട്ടുള്ള പാർക്കിംഗ് സൗകര്യങ്ങൾ ചില വിദേശി സെക്യൂരിറ്റി ജീവനക്കാർ വ്യക്തിഗത ലാഭത്തിനായി ദുരുപയോഗം ചെയ്യുന്നതായി ബഹ്‌റൈൻ എം.പി ഹിഷാം അൽ അവാധി മുന്നറിയിപ്പ് നൽകി. പണം വാങ്ങി മറ്റ് വാഹന ഉടമകൾക്ക് ഇത്തരം പാർക്കിംഗ് ഇടങ്ങൾ നൽകുന്ന പ്രവണത വർദ്ധിച്ചുവരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ആശുപത്രികൾ, ഷോപ്പിംഗ് സെന്ററുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഇത് സംബന്ധിച്ച് കർശനമായ പരിശോധനകൾ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്നും പാർക്കിംഗ് ഇടങ്ങൾ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടവയാണെന്നും അല്ലാതെ വരുമാന മാർഗ്ഗമാക്കി മാറ്റാനുള്ളതല്ലെന്നും എം.പി ഓർമ്മിപ്പിച്ചു.

തങ്ങൾക്ക് അർഹതപ്പെട്ട പാർക്കിംഗ് സ്ഥലങ്ങൾ ആവശ്യമുള്ള സമയത്ത് ഭിന്നശേഷിക്കാർക്ക് തടസ്സമില്ലാതെ ലഭ്യമാകണം. പണമോ മറ്റ് വ്യക്തിഗത ആനുകൂല്യങ്ങളോ വാങ്ങി അനധികൃതമായി പാർക്കിംഗ് അനുവദിക്കുന്ന ജീവനക്കാർക്കെതിരെയും സ്ഥാപന അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമത്തിന് മുന്നിൽ ആരും അതിമാനുഷരല്ലെന്നും ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും എം.പി വ്യക്തമാക്കി.

article-image

ugjkg

You might also like

  • Lulu Exchange
  • Straight Forward

Most Viewed