എക്സിനെ മറന്നേക്കൂ, 'നീലക്കിളി' തിരികെ എത്തി; 'ട്വിറ്റർ ഡോട്ട് നൗ' അവതരിപ്പിച്ച് ഓപറേഷൻ ബ്ലൂബേർഡ്
ഷീബ വിജയൻ
ഇലോൺ മസ്ക് 'എക്സ്' എന്ന് പേരുമാറ്റിയതോടെ ഉപേക്ഷിക്കപ്പെട്ട പഴയ 'ട്വിറ്റർ' ബ്രാൻഡും നീലക്കിളി ലോഗോയും തിരികെ കൊണ്ടുവരാൻ ലക്ഷ്യമിട്ട് വിർജീനിയ കേന്ദ്രീകരിച്ചുള്ള 'ഓപറേഷൻ ബ്ലൂബേർഡ്' രംഗത്തെത്തി. ട്വിറ്ററിലെ മുൻ ജനറൽ കൗൺസിലും ബ്ലൂബേർഡ് സഹസ്ഥാപകനുമായ സ്റ്റീഫൻ കോട്സ് 'ട്വിറ്റർ ഡോട്ട് നൗ' (Twitter.now) എന്ന പേരിൽ പുതിയ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. എക്സ് കോർപറേഷനുമായുള്ള ട്രേഡ്മാർക്ക് തർക്കത്തിൽ കോടതിയുടെ അന്തിമ ഉത്തരവിനായി മാസങ്ങളായി കാത്തിരുന്നെങ്കിലും ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്ന് സ്റ്റീഫൻ കോട്സ് വ്യക്തമാക്കി.
മസ്കിന്റെ എക്സുമായി യാതൊരു ബന്ധവുമില്ലെന്നും വിശ്വാസ്യതയ്ക്ക് ഊന്നൽ നൽകിയാണ് പുതിയ പ്ലാറ്റ്‌ഫോം നിർമിച്ചിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു. പഴയ ട്വിറ്ററിലേതുപോലെ റിപ്ലൈകളും റീപോസ്റ്റുകളും ഇതിലുമുണ്ട്. പോസ്റ്റുകൾ തത്സമയം വിശകലനം ചെയ്ത് അവയുടെ വസ്തുത പരിശോധിക്കുന്ന ഗൂഗിൾ ജെമിനി അടിസ്ഥാനമാക്കിയുള്ള 'വേര' എന്ന ഓട്ടോമേറ്റഡ് ഫാക്ട് ചെക്കിങ് സംവിധാനവും പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് തങ്ങളുടെ ഫീഡിൽ വരുന്ന ഉള്ളടക്കങ്ങളുടെ വിശ്വാസ്യത സ്വയം നിശ്ചയിക്കാൻ സഹായിക്കുന്ന ട്രസ്റ്റ് ഡയൽ എന്ന സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ബോട്ടുകളുടെ ശല്യം ഒഴിവാക്കാനും പരസ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനുമായി പ്ലാറ്റ്‌ഫോം പെയ്ഡ് മോഡലാണ് നടപ്പിലാക്കിയിരിക്കുന്നത്. ഫൗണ്ടർ ആകാൻ 20 ഡോളറും, ഫൈറ്റർ പദവിക്ക് 40 ഡോളറോ അതിൽ കൂടുതലോ നൽകണം. ഉപയോക്താക്കളുടെ ഡാറ്റ പുറത്തുള്ളവർക്ക് വിൽക്കില്ലെന്ന് കമ്പനിയുടെ സ്വകാര്യതാനയത്തിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ പ്ലാറ്റ്‌ഫോമിലെ നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമായിരിക്കും.
തുടക്കത്തിൽ നൂറുകണക്കിന് ഉപയോക്താക്കൾ മാത്രമുള്ള ഈ പ്ലാറ്റ്‌ഫോം, എക്സുമായുള്ള ട്രേഡ്മാർക്ക് നിയമപോരാട്ടം ശക്തമായിരിക്കുന്നതിനിടയിലാണ് രംഗപ്രവേശം ചെയ്തിരിക്കുന്നത്. പ്ലാറ്റ്‌ഫോമിന്റെ ഔദ്യോഗിക ലോഞ്ചിന് പിന്നാലെ എക്സ് കോർപറേഷന്റെ ഭാഗത്തുനിന്നും കടുത്ത നിയമനടപടികൾ ഉണ്ടായേക്കുമെന്ന് ട്രേഡ്മാർക്ക് വിദഗ്ധർ വിലയിരുത്തുന്നു. 2022ൽ ട്വിറ്റർ ഏറ്റെടുത്ത ഇലോൺ മസ്ക് കമ്പനിയുടെ പേര് 'എക്സ്' എന്ന് മാറ്റിയതോടെ, പഴയ ട്വിറ്റർ ബൗദ്ധിക സ്വത്തവകാശങ്ങൾ ഉപേക്ഷിക്കപ്പെട്ടതായി കണക്കാക്കാം എന്ന് ഓപറേഷൻ ബ്ലൂബേർഡ് വാദിക്കുന്നു. ഇത് സംബന്ധിച്ച് ഡെലവെയർ ഫെഡറൽ കോടതിയിൽ ഇരുവിഭാഗങ്ങളും തമ്മിൽ നിയമപോരാട്ടം നടക്കുകയാണ്.
2026 ഏപ്രിലിൽ നടന്ന വാദത്തിനിടെ, 'ട്വീറ്റ്' എന്ന വാക്കിന്റെയും ട്വിറ്റർ പക്ഷി ലോഗോയുടെയും, ഒപ്പം 'ട്വിറ്റർ' എന്ന നാമത്തിന്റെയും അവകാശങ്ങൾ എക്സ് ഉപേക്ഷിച്ചതായിരിക്കാമെന്ന് യു.എസ് ജില്ലാ കോടതി ജഡ്ജി കോം കോണോളി പ്രഥമദൃഷ്ട്യാ നിരീക്ഷിച്ചിരുന്നു. എന്നാൽ ഔദ്യോഗികമായി എഴുതി തയ്യാറാക്കിയ ഉത്തരവ് വന്നിട്ടില്ല. ഈ സാഹചര്യത്തെ അനുകൂലമാക്കിയാണ് സ്റ്റാർട്ടപ്പ് പുതിയ പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തത്.
adsdsdssddfs

