സംവിധായകൻ ആർ. ശരത് അന്തരിച്ചു


ഷീബ വിജയൻ


ദേശീയ-അന്തർദേശീയ പുരസ്‌കാരങ്ങൾ നേടി ശ്രദ്ധേയനായ പ്രമുഖ ചലച്ചിത്ര സംവിധായകൻ ആർ. ശരത് (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കരൾ രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം ഉച്ചയ്ക്ക് ശേഷം തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

സായാഹ്നം, സ്ഥിതി, ശീലാബതി, ബുദ്ധനും ചാപ്ലിനും ചിരിയ്ക്കുന്നു, സ്വയം, പറുദീസ എന്നീ മലയാള സിനിമകൾ അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തുവന്നവയാണ്. ഇന്ദിരാഗാന്ധി പുരസ്‌കാരം കരസ്ഥമാക്കിയ 'സായാഹ്നം' എന്ന ചിത്രം 2000-ൽ ഏഴ് സംസ്ഥാന പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിരുന്നു. ഭോപ്പാൽ ദുരന്തത്തെ ആസ്പദമാക്കി നിർമിച്ച 'Burial of Dreams' എന്ന ചിത്രം ദേശീയ ശ്രദ്ധയാകർഷിച്ചു. 'The Desire: A Journey of a Woman' എന്ന ചിത്രം 2011-ലെ ജനീവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച നറേറ്റീവ് ഫീച്ചർ ഫിലിമിനുള്ള അവാർഡും കരസ്ഥമാക്കി.

അച്ചന്റെ കഥ, ചുമർ ചിത്രങ്ങൾ, ഭൂമിയ്ക്കൊരു ചരമഗീതം, മഹാത്മാഗാന്ധി റോഡ് തുടങ്ങി ഒട്ടനവധി ഷോർട്ട് ഫിലിമുകളും അദ്ദേഹത്തിന്റെ സംഭാവനകളാണ്. രാജാരവിവർമയുടെ ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ഡോക്യുമെന്ററി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കൊല്ലം ജില്ലയിലെ വിളക്കുടിയിൽ ജനിച്ച ശരത്, തിരുവനന്തപുരം മഹാരാജാസ് കോളജിൽ നിന്നും ഇംഗ്ലീഷ് ഭാഷയിൽ ബിരുദവും യൂണിവേഴ്‌സിറ്റി കോളജിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫിലിം അപ്രീസിയേഷൻ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയ അദ്ദേഹം കേരള കൗമുദിയിൽ ജേണലിസ്റ്റായും പ്രവർത്തിച്ചു. പിന്നീട് സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി 2017-ലാണ് വിരമിച്ചത്. കെ.ഐ. ബിന്ദുവാണ് ഭാര്യ. അഭിജിത്ത് ശരത്ത്, അഭിരാം ശരത്ത് എന്നിവർ മക്കളും അഞ്ചലി, അഭിരാമി എന്നിവർ മരുമക്കളുമാണ്. ദേവ് ദത്ത് ചെറുമകനാണ്.

article-image

cdcdddsz

You might also like

  • Lulu Exchange
  • Straight Forward

Most Viewed