'കണ്ടൽകാട് വനവത്കരണ' പദ്ധതി: 22.3 ലക്ഷത്തിലധികം കണ്ടൽത്തൈകൾ നട്ടുപിടിപ്പിച്ച് ബഹ്റൈൻ


പ്രദീപ് പുറവങ്കര

മനാമ: തീരദേശ പരിസ്ഥിതി വ്യവസ്ഥ സംരക്ഷിക്കുന്നതിനും ജൈവവൈവിധ്യം ശക്തിപ്പെടുത്തുന്നതിനുമായി ബഹ്‌റൈൻ നടപ്പിലാക്കുന്ന ‘ബഹ്‌റൈൻ മാൻഗ്രൂവ്’ പദ്ധതിക്ക് കീഴിൽ 22.3 ലക്ഷത്തിലധികം (2.23 മില്യൺ) കണ്ടൽത്തൈകൾ നട്ടുപിടിപ്പിച്ചു. ബഹ്‌റൈന്റെ പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളിൽ നാഴികക്കല്ലാകുന്ന നേട്ടമാണിത്.

2024 ഡിസംബറിൽ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ തുടക്കം കുറിച്ച ഈ പദ്ധതിയിലൂടെ 2035-ഓടെ രാജ്യത്തെ കണ്ടൽക്കാടുകളുടെ എണ്ണം നാലിരട്ടിയാക്കാനും 2060-ഓടെ കാർബൺ ന്യൂട്രാലിറ്റി എന്ന ലക്ഷ്യം കൈവരിക്കാനുമാണ് ബഹ്‌റൈൻ ലക്ഷ്യമിടുന്നത്. ദേശീയ പരിസ്ഥിതി നയങ്ങൾ പ്രായോഗിക നേട്ടങ്ങളാക്കി മാറ്റാൻ ബഹ്‌റൈന് സാധിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ പദ്ധതിയെന്ന് പരിസ്ഥിതി വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.

കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും കാർബൺ വായുവിൽ നിന്ന് വലിച്ചെടുത്ത് സൂക്ഷിക്കാനും തീരദേശങ്ങളെ സംരക്ഷിക്കാനും കണ്ടൽക്കാടുകൾക്ക് വലിയ പങ്കുണ്ടെന്ന് അർത്ത് ആൻഡ് എൻവയോൺമെന്റൽ സയൻസസ് പ്രൊഫസർ അസ്മ അലി അബാ ഹുസൈൻ വ്യക്തമാക്കി. സമുദ്രജീവികൾക്കും പക്ഷികൾക്കും മികച്ച സ്വാഭാവിക വാസസ്ഥലം ഒരുക്കാൻ ഇതിലൂടെ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ശൂറാ കൗൺസിലിലെ പബ്ലിക് യൂട്ടിലിറ്റീസ് ആൻഡ് എൻവയോൺമെന്റ് കമ്മിറ്റി ചെയർമാൻ ഡോ. മുഹമ്മദ് അലി ഹസൻ അലി, പരിസ്ഥിതി കൺസൾട്ടന്റ് ഹയ അൽ ദോസരി, ക്ലീൻ അപ്പ് ബഹ്‌റൈൻ സൊസൈറ്റി ബോർഡ് ചെയർമാൻ അലി മുഹമ്മദ് അൽ ഖസീർ എന്നിവരും പദ്ധതിയുടെ പ്രാധാന്യത്തെ പ്രശംസിച്ചു. പരിസ്ഥിതി ടൂറിസം, വിജ്ഞാന ഗവേഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പൊതുജന പങ്കാളിത്തം ഉറപ്പാക്കി ഈ പദ്ധതി ദീർഘകാലാടിസ്ഥാനത്തിൽ വിജയിപ്പിക്കേണ്ടതുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.

article-image

sdsgfdsg

You might also like

  • Lulu Exchange
  • Straight Forward

Most Viewed