അട്ടപ്പാടി ഇരട്ടക്കൊലപാതകം: നിർണ്ണായക തുമ്പായത് ബിരിയാണി അരിയുടെ ചാക്ക്; കാണാതായ ഭർത്താവ് സംസ്ഥാനം വിട്ടതായി സൂചന


ഷീബ വിജയൻ


അട്ടപ്പാടി പുതൂർ ചീരക്കടവിൽ ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ചു വയസ്സുകാരിയായ മകളുടെയും തലയറുത്ത ശരീരഭാഗങ്ങൾ മൂന്ന് ചാക്കുകളിലായി കണ്ടെത്തിയ ക്രൂരമായ ഇരട്ടക്കൊലപാതകത്തിൽ അന്വേഷണം നിർണ്ണായക വഴിത്തിരിവിലേക്ക്. കൃത്യത്തിന് പിന്നിൽ യുവതിയുടെ ഭർത്താവാണെന്ന സംശയം ബലപ്പെട്ടതോടെ ഇയാൾക്കായി അന്തർസംസ്ഥാന തലത്തിൽ അഗളി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. പ്രതി കേരളത്തിന് പുറത്തേക്ക് കടന്നുകളഞ്ഞതായാണ് വിവരങ്ങൾ ലഭിക്കുന്നത്.

കേസിൽ പോലീസിന് ആദ്യ നിർണ്ണായക തുമ്പായത് മൃതദേഹാവശിഷ്ടങ്ങൾ ഒഴുക്കിവിടാൻ ഉപയോഗിച്ച പ്രത്യേക ബ്രാൻഡ് ബിരിയാണി അരിയുടെ ചാക്കുകളാണ്. പ്രദേശത്തെ പലചരക്ക് കടയിൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരു ഇതരസംസ്ഥാന തൊഴിലാളി ഇത്തരം ചാക്കുകൾ വാങ്ങിയതായി വിവരങ്ങൾ ലഭിച്ചു. സിസിടിവി, ഫോൺ രേഖകൾ എന്നിവ പരിശോധിച്ചതോടെ തോട്ടം തൊഴിലാളിയായ ഭർത്താവിലേക്ക് അന്വേഷണം എത്തുകയായിരുന്നു.

പശ്ചിമ ബംഗാൾ സ്വദേശികളായ ഈ കുടുംബം 20 ദിവസം മുൻപാണ് അട്ടപ്പാടിയിലെ തോട്ടത്തിൽ ജോലിക്ക് എത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. മെഷീൻ പോലുള്ള ആയുധം ഉപയോഗിച്ച് കഴുത്തറുത്ത്, മൃതദേഹങ്ങൾ മടക്കി പ്ലാസ്റ്റിക് ഷീറ്റിൽ കെട്ടി ചാക്കുകളിലാക്കി പുഴയിൽ തള്ളുകയായിരുന്നു. ഈ ക്രൂരകൃത്യത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് പൂർത്തിയാകുന്നതോടെ അന്വേഷണത്തിൽ കൂടുതൽ വ്യക്തത വരുമെന്ന് പോലീസ് അറിയിച്ചു.

article-image

zxxzcxzcxzcxz

You might also like

  • Lulu Exchange
  • Straight Forward

Most Viewed