ജി.സി.സി രാജ്യങ്ങളിൽ മരുന്നുകളുടെ വിതരണവും സുരക്ഷയും ഉറപ്പാക്കാൻ സംയുക്ത നീക്കം: ഇറാൻ നടത്തുന്ന ആക്രമണങ്ങൾ ബാധിക്കുന്നതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രി
പ്രദീപ് പുറവങ്കര
മനാമ: മേഖലയിലെ സുരക്ഷാ ആശങ്കകളും വിതരണ ശൃംഖല നേരിടുന്ന വെല്ലുവിളികളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും അത്യന്താപേക്ഷിതമായ മരുന്നുകളുടെയും വൈദ്യശാസ്ത്ര സാമഗ്രികളുടെയും വിതരണം തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനും ജി.സി.സി ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ തീരുമാനം. ബഹ്‌റൈനിൽ നടന്ന യോഗത്തിൽ ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസൻ ജി.സി.സി രാജ്യങ്ങൾക്കിടയിലെ ശക്തമായ ഏകോപനത്തിന്റെയും വിവരകൈമാറ്റത്തിന്റെയും ആവശ്യകത എടുത്തുപറഞ്ഞു.
ബഹ്‌റൈൻ, മറ്റ് ജി.സി.സി രാജ്യങ്ങൾ, ജോർദാൻ എന്നിവയ്‌ക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ യോഗത്തിൽ മന്ത്രി കടുത്ത ഭാഷയിൽ അപലപിച്ചു. ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ പ്രമേയങ്ങളുടെയും ലംഘനമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ആക്രമണങ്ങൾ മനുഷ്യജീവനുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ഭീഷണിയാകുന്നതിനൊപ്പം മരുന്നുകളും അവശ്യവസ്തുക്കളും എത്തിക്കുന്ന വിതരണ ശൃംഖലയെയും ഗതാഗതത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് നേരെയുള്ള ഭീഷണികൾ മേഖലയിലെ ഊർജ്ജ സുരക്ഷയ്ക്കും അന്താരാഷ്ട്ര വ്യാപാരത്തിനും മരുന്നുകളുടെ ലഭ്യതാ ഉറപ്പാക്കലിനും വലിയ വെല്ലുവിളിയാണെന്ന് ഡോ. ജലീല മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യങ്ങളിലും ആരോഗ്യ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ സംയുക്ത സജ്ജീകരണങ്ങൾ അത്യാവശ്യമാണെന്ന് അവർ വ്യക്തമാക്കി.
ജി.സി.സി സുപ്രീം കൗൺസിൽ തീരുമാനങ്ങളുടെ നടത്തിപ്പ്, ഭക്ഷണം, മരുന്ന് എന്നിവയുടെ തന്ത്രപ്രധാനമായ ശേഖരം ഉറപ്പാക്കൽ, 2025-2028 ലഹരിവിരുദ്ധ ജി.സി.സി തന്ത്രം, പ്രവാസി തൊഴിലാളികളുടെ മെഡിക്കൽ പരിശോധന തുടങ്ങി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ യോഗം വിശദമായി വിലയിരുത്തി.

