അധ്യയനവർഷാരംഭം: സ്കൂൾ ചെലവുകൾ വർദ്ധിച്ചത് ബഹ്റൈനിലെ രക്ഷിതാക്കൾക്ക് ഭാരമാകുന്നു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിൽ പുതിയ അധ്യയനവർഷം ആരംഭിക്കുന്നതോടെ ബാക്ക്-ടു-സ്കൂൾ ചെലവുകൾ താങ്ങാനാവാതെ പ്രയാസപ്പെടുകയാണ് നിരവധി കുടുംബങ്ങൾ. ബാഗ്, യൂണിഫോം, സ്റ്റേഷനറി സാധനങ്ങൾ എന്നിവയ്ക്ക് പുറമെ പാഠപുസ്തകങ്ങൾ, ട്രാൻസ്‌പോർട്ടേഷൻ, പ്രൈവറ്റ് ട്യൂഷൻ എന്നിവയും ചേർന്ന് നൂറുകണക്കിന് ദിനാറാണ് രക്ഷിതാക്കൾക്ക് ചെലവാകുന്നത്. ഒരു കുട്ടിക്ക് തുടക്കത്തിൽ 50 മുതൽ 200 ദിനാർ വരെ ചെലവ് വരുന്നുണ്ടെന്നാണ് സർവേ കണക്കുകൾ സൂചിപ്പിക്കുന്നത്. ശരാശരി ചെലവ് 120 ദിനാറോളമാണ്.

അതേസമയം സ്വദേശി കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കാൻ വിദ്യാഭ്യാസ മന്ത്രാലയം വിവിധ വ്യാപാര സ്ഥാപനങ്ങളുമായി സഹകരിച്ച് ഡിസ്‌കൗണ്ട് വൗച്ചറുകളും ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. പുതിയ അധ്യയനവർഷത്തിന് മുന്നോടിയായി നിരവധി കമ്പനികളെയും കടകളെയും പങ്കാളികളാക്കാൻ സാധിച്ചത് രക്ഷിതാക്കൾക്ക് ആശ്വാസമായതായി പാർലിമെന്റ് എം.പി മൊഹ്‌സിൻ അൽ അസ്ബൂൽ പറഞ്ഞു.

പ്രൈവറ്റ് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പാഠപുസ്തകങ്ങൾക്ക് മാത്രം 200 ദിനാറോളം അധിക ചെലവ് വരുന്നുണ്ട്. കൂടാതെ കുട്ടികളുടെ വ്യക്തിഗത താല്പര്യങ്ങൾക്കനുസരിച്ച് കാർട്ടൂൺ തീം ബാഗുകളും സാമഗ്രികളും വാങ്ങുന്നതും ചെലവ് വർദ്ധിപ്പിക്കുന്നു. വിലക്കുറവ് തേടി ചില രക്ഷിതാക്കൾ സൗദി അറേബ്യയിലേക്ക് പോയാണ് സാധനങ്ങൾ വാങ്ങുന്നത്.

മാസാന്ത ചെലവുകളും രക്ഷിതാക്കൾക്ക് വലിയ വെല്ലുവിളിയാണ്. സ്കൂൾ ബസ് / ട്രാൻസ്‌പോർട്ടേഷൻ ഫീസായി പ്രതിമാസം 25 മുതൽ 50 ദിനാർ വരെയും, പ്രൈവറ്റ് ട്യൂഷനുകൾക്ക് ഓരോ വിഷയത്തിനും 15 ദിനാർ മുതൽ മുകളിലോട്ടും ചെലവാകുന്നു. ചരക്കുനീക്കത്തിലെ തടസ്സങ്ങൾ കാരണം ചൈന, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് പകരം ദുബായ് ഉൾപ്പെടെയുള്ള ഗൾഫ് മാർക്കറ്റുകളെയാണ് വ്യാപാരികൾ ഇപ്പോൾ ആശ്രയിക്കുന്നത്.

article-image

dsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed