ഗാലെയിൽ മാനവ് സുതാർ കൊടുങ്കാറ്റ്: ലങ്കയെ 165 റൺസിന് തകർത്ത് ഭാരതം!


ഷീബ വിജയൻ

ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ ഉജ്ജ്വല ജയം. 372 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ലങ്കൻ ബാറ്റിങ് നിര 206 റൺസിന് പുറത്തായി. ആറ് വിക്കറ്റുകൾ സ്വന്തമാക്കിയ മാനവ് സുതാറാണ് ഇന്ത്യയുടെ വിജയം വേഗത്തിലാക്കിയത്. രണ്ട് ഇന്നിങ്സിലുമായി 10 വിക്കറ്റുകളാണ് താരം പിഴുതത്.

84 റൺസ് നേടിയ സോനൽ ദിനുശയാണ് ആതിഥേയരുടെ ടോപ് സ്‌കോറർ. ഒന്നാം ഇന്നിങ്സിൽ താരം സെഞ്ചുറി നേടിയിരുന്നു. ക്യാപ്റ്റൻ ധനഞ്ജയ ഡിസിൽവയും അർധ സെഞ്ചുറി (59) നേടി. സ്‌കോർ: ഇന്ത്യ - 462 & 193, ശ്രീലങ്ക - 284 & 206. ജയത്തോടെ ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലെത്തി. ഒന്നാം ഇന്നിങ്സിൽ സെഞ്ചുറിയും (167) രണ്ടാം ഇന്നിങ്സിൽ 44 റൺസും അടിച്ചെടുത്ത ദേവ്ദത്ത് പടിക്കലാണ് കളിയിലെ താരം. രണ്ടാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച കൊളംബോയിൽ ആരംഭിക്കും.

ക്യാപ്റ്റൻ ധനഞ്ജയ ഡിസിൽവയുടെയും സോണൽ ദിനുശയുടെയും ചെറുത്തുനിൽപ്പാണ് അഞ്ചാം ദിനം ഇന്ത്യൻ വിജയം ഇത്രയും വൈകിപ്പിച്ചത്. നാലിന് 84 റൺസെന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ലങ്കയ്ക്കായി ഡിസിൽവയും ദിനുശയും ആത്മവിശ്വാസത്തോടെ ബാറ്റ് വീശി. ഈ കൂട്ടുകെട്ടിന്റെ മികവിൽ ആദ്യ സെഷനിൽ ലങ്ക, ഇന്ത്യയെ പരീക്ഷിച്ചു. 202 പന്തുകൾ നേരിട്ട ഈ സഖ്യം പൊളിക്കാൻ ഇന്ത്യയ്ക്ക് ഒടുവിൽ 56-ാം ഓവർ വരെ കാക്കേണ്ടി വന്നു. 151 പന്തിൽ നിന്ന് 59 റൺസെടുത്ത ധനഞ്ജയ ഡിസിൽവയെ പുറത്താക്കി രവീന്ദ്ര ജഡേജയാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. സോണലിനൊപ്പം 95 റൺസ് ചേർത്ത ശേഷമാണ് ക്യാപ്റ്റൻ മടങ്ങിയത്.

പിന്നാലെ ഡിക്വെല്ലയെ (10) പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ലങ്കയുടെ ആറാം വിക്കറ്റ് വീഴ്ത്തി. എന്നാൽ കേശാര നുവാന്തയെ കൂട്ടുപിടിച്ച് ദിനുശ ഇന്നിങ്സ് മുന്നോട്ട് നയിച്ചു. 91 പന്തുകൾ നേരിട്ട ഈ സഖ്യം 43 റൺസ് ചേർത്തു. ഒടുവിൽ 76-ാം ഓവറിൽ ദിനുഷയെ ലെഗ് സ്ലിപ്പിൽ ധ്രുവ് ജുറെലിന്റെ കൈകളിലെത്തിച്ച് മാനവ് സുതാറാണ് ഈ ചെറുത്തുനിൽപ്പ് അവസാനിപ്പിച്ചത്. ഒന്നാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ ദിനുശ രണ്ടാം ഇന്നിങ്സിലും ആ മികവ് തുടർന്നു.

128 പന്തിൽ നിന്ന് 84 റൺസെടുത്ത താരം ഇന്ത്യയുടെ ക്ഷമയെ പരീക്ഷിച്ചാണ് ക്രീസിൽ തുടർന്നത്. പിന്നാലെ പ്രഭാത് ജയസൂര്യ, ലഹിരു കുമാര, കേശാര നുവാന്ത എന്നിവരെ പുറത്താക്കി ഇന്ത്യ ലങ്കൻ ഇന്നിങ്സ് അവസാനിപ്പിച്ചു. നിഷാൻ മധുഷ്‌ക (6), ലാഹിരു ഉദര (16), പസിന്ദു സൂര്യഭണ്ഡാര (0), കാമിന്ദു മെൻഡിസ് (2) എന്നിവരാണ് ലങ്കൻ രണ്ടാമിന്നിങ്സിൽ പുറത്തായ മറ്റ് താരങ്ങൾ.

ഇന്ത്യയുടെ 600-ാമത്തെ ടെസ്റ്റ് മത്സരമെന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു ഈ വിജയത്തിന്. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ അവസാന ദിവസം കൃത്യസമയത്ത് വിക്കറ്റുകൾ വീഴ്ത്തി വിജയം സ്വന്തമാക്കാൻ ഇന്ത്യൻ ടീമിനായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed