സംസ്ഥാനത്ത് പകൽച്ചൂട് കുതിച്ചുയരുന്നു; 48 മണിക്കൂറിൽ താപനില നാലുഡിഗ്രി വരെ ഉയർന്നേക്കും, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
ഷീബ വിജയൻ
കാലവർഷം ദുർബലമായതിനെ തുടർന്ന് കേരളത്തിൽ പകൽച്ചൂട് ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട അസാധാരണ ചൂടിനു പിന്നാലെ, ചൊവ്വാഴ്ച വരെ അടുത്ത 48 മണിക്കൂറിൽ സംസ്ഥാനത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കൂടിയ താപനില സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അന്തരീക്ഷത്തിൽ ഉയർന്ന ഈർപ്പം നിലനിൽക്കുന്നതിനാൽ അനുഭവപ്പെടുന്ന ചൂട് യഥാർത്ഥ താപനിലയേക്കാൾ കൂടുതലായിരിക്കാനും സാധ്യതയുണ്ട്. കൂടാതെ അൾട്രാ വയലറ്റ് (UV) വികിരണത്തിന്റെ തോതും വലിയ തോതിൽ വർധിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുനലൂരാണ് സംസ്ഥാനത്തെ കൂടിയ താപനില രേഖപ്പെടുത്തിയത്, 36.2 ഡിഗ്രി സെൽഷ്യസ്. തിരുവനന്തപുരം നഗരത്തിൽ 33 ഡിഗ്രി സെൽഷ്യസും വിമാനത്താവളത്തിൽ 32 ഡിഗ്രിയും പാലക്കാട് 33 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. സംസ്ഥാനത്ത് പലയിടത്തും പകൽ താപനില സാധാരണയേക്കാൾ രണ്ടു ഡിഗ്രി ഉയർന്ന നിലയിലാണ്. അന്തരീക്ഷത്തിൽ യുവി വികിരണ തോത് ഏഴു മുതൽ എട്ടു വരെയായി ഉയർന്നതും ആശങ്ക വർധിപ്പിക്കുന്നു.
മഴ കുറഞ്ഞതാണ് ചൂട് വർധിക്കാൻ പ്രധാന കാരണം. കഴിഞ്ഞ 24 മണിക്കൂറിൽ കണ്ണൂർ അയ്യങ്കുന്ന് (5 സെ.മീ), ഇടുക്കി അനയിറങ്കൽ ഡാം മേഖല (4 സെ.മീ) എന്നിവിടങ്ങളിൽ ഒഴിച്ചാൽ മറ്റിടങ്ങളിലെല്ലാം വരണ്ട കാലാവസ്ഥയായിരുന്നു. അടുത്ത മൂന്നു ദിവസം കൂടി ഒറ്റപ്പെട്ട ചില ഇടങ്ങളിൽ മാത്രമേ മഴ ലഭിക്കാൻ സാധ്യതയുള്ളൂവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണം.
asewadsds

