മരുന്ന് രജിസ്ട്രേഷൻ വേഗത്തിലാക്കാൻ എൻ.എച്ച്.ആർ.എ; പുതിയ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ ആരോഗ്യ സ്ഥാപനങ്ങൾക്ക് മരുന്നുകൾ രജിസ്റ്റർ ചെയ്യുന്നതിനും രജിസ്ട്രേഷൻ പുതുക്കുന്നതിനുമായി നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA) മൂന്ന് പുതിയ ഡിജിറ്റൽ സേവനങ്ങൾ ആരംഭിച്ചു. സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കുന്നതിനുമാണ് 'മെഡിക്കേഷൻസ് സിസ്റ്റം' വികസിപ്പിച്ചിരിക്കുന്നത്.
മെഡിസിൻ രജിസ്ട്രേഷൻ അക്രഡിറ്റേഷൻ സർവീസ്, റെഗുലർ ട്രാക്ക് രജിസ്ട്രേഷൻ, റെഗുലർ ട്രാക്ക് രജിസ്ട്രേഷൻ റിലീവൽ എന്നിവയാണ് പുതിയ സേവനങ്ങൾ. അക്രഡിറ്റേഷൻ സേവനത്തിനുള്ള സമയപരിധി 10 പ്രവൃത്തിദിവസങ്ങളിൽ നിന്ന് 3 ദിവസമായി കുറച്ചു. ആവശ്യമായ രേഖകളുടെ എണ്ണം 14-ൽ നിന്ന് 5 ആയി ചുരുക്കി. റെഗുലർ ട്രാക്ക് രജിസ്ട്രേഷൻ സമയം 45-ൽ നിന്ന് 35 ദിവസമായും, പുതുക്കൽ നടപടികൾ 30-ൽ നിന്ന് 25 ദിവസമായും ലളിതമാക്കി.
ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ നടപടികൾ എളുപ്പമാക്കാനും ആരോഗ്യ മേഖലയ്ക്ക് കൂടുതൽ പിന്തുണ നൽകാനുമാണ് ഈ മാറ്റങ്ങളെന്ന് എൻ.എച്ച്.ആർ.എ സി.ഇ.ഒ ഡോ. അഹമ്മദ് അൽ അൻസാരി പറഞ്ഞു. 'അദ്‌വിയ' (adweya.nhra.bh) പോർട്ടൽ വഴി സ്ഥാപനങ്ങൾക്കും അപേക്ഷകർക്കും ഓൺലൈനായി ഫോമുകൾ പൂരിപ്പിച്ച്, രേഖകൾ സമർപ്പിച്ച്, ഫീസ് അടച്ച് ഡിജിറ്റലായി തന്നെ അനുമതി പത്രങ്ങൾ കൈപ്പറ്റാം.
പൊതുസേവനങ്ങൾ നവീകരിക്കുന്നതിന്റെ ഭാഗമായി 1300-ലധികം സർക്കാർ സേവനങ്ങൾ ഇതിനകം ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. ദേശീയ പരാതി പരിഹാര സംവിധാനമായ 'തവാസുൽ' (Tawasul) വഴിയുള്ള അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്താണ് ഇത്തരം സുപ്രധാന മാറ്റങ്ങൾ ഘട്ടങ്ങളായി നടപ്പിലാക്കുന്നത്.
xcvxcv

