സമൂഹമാധ്യമങ്ങളിൽ അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചു: അറബ് പൗരൻ ബഹ്‌റൈനിൽ അറസ്റ്റിൽ
പ്രദീപ് പുറവങ്കര
മനാമ: സമൂഹമാധ്യമമായ ടിക് ടോക്കിലൂടെ പബ്ലിക് മോറലിനും (പൊതുമര്യാദകൾക്കും) സാമൂഹിക മൂല്യങ്ങൾക്കും നിരക്കാത്ത ഉള്ളടക്കങ്ങളും വീഡിയോകളും പ്രചരിപ്പിച്ച സംഭവത്തിൽ വിദേശിയായ യുവാവിനെ പബ്ലിക് പ്രോസിക്യൂഷൻ റിമാൻഡ് ചെയ്തു. അറബ് വംശജനായ പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം തുടർന്നുള്ള നിയമനടപടികൾക്കായി കോടതിയിലേക്ക് റഫർ ചെയ്തതായി സൈബർ ക്രൈം പ്രോസിക്യൂഷൻ തലവൻ അറിയിച്ചു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ, ഇക്കണോമിക് ആൻഡ് സൈബർ സെക്യൂരിറ്റിയുടെ സൈബർ ക്രൈം വിഭാഗത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ സ്ഥിരമായി അശ്ലീലവും പബ്ലിക് മോറലിന് നിരക്കാത്തതുമായ വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കൂടുതൽ ഫോളോവേഴ്സിനെ നേടുന്നതിനും സാമ്പത്തിക ലാഭത്തിനും വേണ്ടിയാണ് ഇത്തരത്തിലുള്ള വീഡിയോകൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്ന് ഇയാൾ മൊഴി നൽകി.
വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് പൊതുമര്യാദകൾക്കും സാമൂഹിക മൂല്യങ്ങൾക്കും വിരുദ്ധമായ ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും നിയമപ്രകാരം രണ്ട് വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് പ്രോസിക്യൂഷൻ മേധാവി മുന്നറിയിപ്പ് നൽകി. ഡിജിറ്റൽ ഇടങ്ങൾ നിയമത്തിന്റെ ശക്തമായ നിരീക്ഷണത്തിലാണെന്നും സമൂഹത്തിന് ഉപകാരപ്രദമായ രീതിയിൽ മാത്രം സോഷ്യൽ മീഡിയ ഉപയോഗിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അവർ കൂട്ടിച്ചേർത്തു.
sdfsdf

