നിർമ്മാണം അവസാന ഘട്ടത്തിൽ; ഈസ ടൗൺ 'അൽ മഖാസീസ്' മാർക്കറ്റ് ഉടൻ തുറക്കും
പ്രദീപ് പുറവങ്കര
മനാമ: ജനങ്ങൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈസ ടൗൺ ലോക്കൽ മാർക്കറ്റായ 'അൽ മഖാസീസ്' നിർമ്മാണം അവസാന ഘട്ടത്തിലേക്ക് കടന്നു. വരും മാസങ്ങൾക്കുള്ളിൽ മാർക്കറ്റ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് നോർത്തേൺ മ്യൂനിസിപ്പൽ കൗൺസിൽ അംഗം ഡോ. സൽമാൻ മൊഹ്‌സിൻ അബ്ദുള്ള അറിയിച്ചു. പദ്ധതി പ്രദേശം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ പദ്ധതി ഇപ്പോൾ യാഥാർത്ഥ്യത്തിലേക്ക് അടുത്തിരിക്കുകയാണെന്നും ഇനി ചെറിയൊരു കാലയളവ് മാത്രമാണ് ഉദ്ഘാടനത്തിന് ബാക്കിയുള്ളതെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികൾക്കും പ്രദേശവാസികൾക്കും ഒരുപോലെ പ്രാധാന്യമുള്ള ഈ വിപണിയുടെ ഉദ്ഘാടന തീയതിയെക്കുറിച്ച് ആളുകൾ നിരന്തരം അന്വേഷിക്കാറുണ്ടെന്നും അബ്ദുള്ള വ്യക്തമാക്കി. പദ്ധതിയുടെ പുരോഗതി കൃത്യമായി റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു.
മാർക്കറ്റ് ആവശ്യമായ എല്ലാ ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുനിസിപ്പാലിറ്റീസ് കാര്യ, കൃഷി മന്ത്രാലയവും നോർത്തേൺ മുനിസിപ്പാലിറ്റിയും ചേർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി വരികയാണ്. കച്ചവടക്കാർക്കായി 90 സ്റ്റാളുകളാണ് പുതിയ വിപണിയിൽ ഒരുക്കുന്നത്. ഭൂരിഭാഗം സ്റ്റാളുകളുടെയും നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു. ഇനി വളരെ കുറച്ചു ജോലികൾ മാത്രമാണ് ബാക്കിയുള്ളത്.
പദ്ധതി കൃത്യസമയത്ത് പൂർത്തിയാക്കാൻ നേരിട്ട് ഇടപെടലുകൾ നടത്തിയ മുനിസിപ്പാലിറ്റീസ് കാര്യ, കൃഷി മന്ത്രി എഞ്ചിനീയർ വായൽ ബിൻ നാസർ അൽ മുബാറക്, മുനിസിപ്പൽ കാര്യ അണ്ടർസെക്രട്ടറി എഞ്ചിനീയർ ശൈഖ് മുഹമ്മദ് ബിൻ അഹമ്മദ് അൽ ഖലീഫ എന്നിവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
dfsdf

