ബഹ്‌റൈനിൽ ബോട്ടുകൾക്ക് രാത്രികാല കടൽയാത്രാ വിലക്ക്; ജൂലൈ 16 മുതൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിൽ മത്സ്യബന്ധന ബോട്ടുകൾക്കും വിനോദസഞ്ചാര ബോട്ടുകൾക്കും ഏർപ്പെടുത്തിയിരിക്കുന്ന കടൽയാത്രാ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുതിയ ഉത്തരവ് പ്രകാരം വൈകുന്നേരം 6:30 മുതൽ പുലർച്ചെ 4:00 വരെ കടൽയാത്രയ്ക്ക് പൂർണ്ണ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 16 മുതൽ പ്രാബല്യത്തിൽ വന്ന ഈ പുതിയ നിയന്ത്രണം അടുത്ത ഔദ്യോഗിക ഉത്തരവുണ്ടാകുന്നത് വരെ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ തീരദേശ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനും സമുദ്രയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് നിലവിലുള്ള നിയമ പരിഷ്കരണമെന്ന് അധികൃതർ ചൂണ്ടിക്കാണിച്ചു.
എല്ലാ ബോട്ട് ഉടമകളും തൊഴിലാളികളും നിയന്ത്രണസമയങ്ങളിൽ കടലിൽ ഇറങ്ങുന്നതും തീരത്തോട് അടുക്കുന്നതും ഒഴിവാക്കണമെന്ന് മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷ മുൻനിർത്തി ഏർപ്പെടുത്തിയിരിക്കുന്ന ഈ നിയമങ്ങൾ കൃത്യമായി പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും, ഉത്തരവ് ലംഘിച്ച് നിശ്ചിത സമയങ്ങളിൽ കടൽയാത്ര നടത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
hjmhjm

