ഭക്ഷ്യസുരക്ഷയും വികസനവും ലക്ഷ്യമിട്ട് ബഹ്‌റൈൻ; കർഷകർക്ക് 18 കാർഷിക പ്ലോട്ടുകൾ അനുവദിച്ചു


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനും മുനിസിപ്പൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള വിപുലമായ പദ്ധതികളുമായി മന്ത്രാലയം മുന്നോട്ട് പോവുകയാണെന്ന് മുനിസിപ്പാലിറ്റി കാര്യ-കർഷക മന്ത്രി വേൽ അൽ മുബാറക് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ബഹ്‌റൈനി കർഷകർക്ക് പിന്തുണ നൽകുന്ന പുതിയ ഘട്ടത്തിന് തുടക്കമിട്ടു കഴിഞ്ഞു. ഒരു ലക്ഷത്തി ഇരുപത്തിരണ്ടായിരത്തിലധികം (122,000) ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള 18 കാർഷിക പ്ലോട്ടുകളാണ് കർഷകർക്കായി അനുവദിച്ചിരിക്കുന്നത്. ഈ പദ്ധതി പൂർത്തിയാകുന്നതോടെ രാജ്യത്തെ പ്രാദേശിക കാർഷിക ഉത്പാദനത്തിൽ എട്ട് ശതമാനത്തോളം വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കർഷകർക്ക് കൂടുതൽ ഭൂമി അനുവദിക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടം മാത്രമാണിതെന്നും വരും ഘട്ടങ്ങളിൽ കൂടുതൽ ഭൂമി കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുനിസിപ്പൽ സേവനങ്ങൾക്ക് മുൻഗണന നൽകുന്നതിൽ മുനിസിപ്പൽ കൗൺസിലുകൾ വലിയ പങ്കാണ് വഹിക്കുന്നത്. ആറാം മുനിസിപ്പൽ കാലാവധിയുടെ നാലാം സമ്മേളനം വരെ കൗൺസിലുകളിൽ നിന്ന് 1,330 ശുപാർശകളാണ് മന്ത്രാലയത്തിന് ലഭിച്ചത്. എല്ലാ ഗവർണറേറ്റുകളിലെയും വികസന പദ്ധതികൾ രൂപപ്പെടുത്തുന്നതിനും പൗരന്മാരുടെ ആവശ്യങ്ങൾ കൃത്യമായി മനസ്സിലാക്കുന്നതിനും മന്ത്രാലയവും കൗൺസിലുകളും തമ്മിലുള്ള ഈ ശക്തമായ പങ്കാളിത്തം സഹായിച്ചിട്ടുണ്ട്. പാർക്കുകൾ, വിപണികൾ, വാട്ടർഫ്രണ്ടുകൾ, പൊതു സൗകര്യങ്ങൾ എന്നിവ നവീകരിക്കുന്നതുൾപ്പെടെ നിരവധി വികസന പദ്ധതികൾ ഇപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുകയാണ്.

റിഫയിലെ അൽ വഫാ പാർക്ക്, മുഹറഖിലെ കാസിനോ പാർക്ക്, അൽ മുറാഖിബ് പാർക്ക്, അൽ റംലി സബർബിലെ പാർക്ക്, സീഫ് ഡൗൺടൗൺ പ്രോജക്ട്, സിത്ര സെൻട്രൽ മാർക്കറ്റ് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. സ്വകാര്യ മേഖലയുമായി സഹകരിച്ച് ഈസ ടൗണിൽ ഒരു പുതിയ മാർക്കറ്റും വികസിപ്പിച്ചു വരുന്നുണ്ട്. ഇതിന് പുറമെ കാൽനടയാത്രക്കാർക്കായുള്ള വഴികളും വാട്ടർഫ്രണ്ടുകളും നവീകരിക്കുന്ന പദ്ധതികളും പുരോഗമിക്കുകയാണ്. മനാമയിലെ കിംഗ് ഫൈസൽ കോർണിഷിന്റെ ഒന്നാം ഘട്ടം, അബു സുബ് ബീച്ച്, ടെൻഡർ ഘട്ടത്തിലെത്തിയ കർസക്കാൻ ബീച്ച് എന്നിവ ഇതിൽ ഉൾപ്പെടുന്നു. അൽ അസ്കർ, അൽ ഇസ്തിഖ്‌ലാൽ എന്നീ വാക്ക് വേകളുടെ വികസനവും ഹമദ് ടൗൺ വാക്ക് വേയിൽ അന്തരീക്ഷ താപനില കുറയ്ക്കുന്നതിനായുള്ള വാട്ടർ മിസ്റ്റ് കൂളിംഗ് സിസ്റ്റം സ്ഥാപിക്കുന്നതുൾപ്പെടെയുള്ള വിപുലമായ നവീകരണ പ്രവർത്തനങ്ങളാണ് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനായി മന്ത്രാലയം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed