ജാമ്യത്തുകയുടെ പേരിൽ പണം തട്ടിയ വക്കീലിന് ബഹ്റൈനിൽ തടവുശിക്ഷ; അപ്പീൽ കോടതി വിധി ശരിവെച്ചു
പ്രദീപ് പുറവങ്കര
മനാമ: ക്രിമിനൽ കേസിൽപ്പെട്ട പ്രതിയുടെ അമ്മയിൽ നിന്ന് നിയമസഹായത്തിന്റെയും ജാമ്യത്തുകയുടെയും പേരിൽ വ്യാജ വാഗ്ദാനങ്ങൾ നൽകി പതിനാലായിരം ബഹ്‌റൈനി ദിനാർ തട്ടിയെടുത്ത വക്കീലിന്റെ തടവുശിക്ഷ ഹൈ ക്രിമിനൽ അപ്പീൽ കോടതി ശരിവെച്ചു. കീഴ്ക്കോടതി വിധിച്ച ഒരു വർഷത്തെ തടവുശിക്ഷയാണ് അപ്പീൽ കോടതി ഇപ്പോൾ ശരിവെച്ചിരിക്കുന്നത്. ഇതിന് പുറമെ, ഇതുമായി ബന്ധപ്പെട്ട സിവിൽ നഷ്ടപരിഹാര ഹർജി കൂടുതൽ നടപടികൾക്കായി കോടതിച്ചെലവുകൾ കൂടാതെ തന്നെ ബന്ധപ്പെട്ട മറ്റ് കോടതിയുടെ പരിഗണനയ്ക്ക് വിടാനും അപ്പീൽ കോടതി ഉത്തരവിട്ടു.
കോടതി രേഖകൾ പ്രകാരം, ക്രിമിനൽ കേസിൽ പ്രതിയായ തന്റെ മകനെ കോടതിയിൽ പ്രതിനിധീകരിക്കുന്നതിനായി മുവ്വായിരത്തി അഞ്ഞൂറ് (3,500) ദിനാർ ഫീസായി നൽകാമെന്ന് ഈ സ്ത്രീ വക്കീലുമായി സമ്മതിക്കുകയും ഈ തുക കൈമാറുകയും ചെയ്തിരുന്നു. എന്നാൽ കേസിന്റെ വിധി വരുന്നതിന് തൊട്ടുമുൻപ്, മകന് ജാമ്യം ലഭിക്കുന്നതിനായി എണ്ണായിരം (8,000) ദിനാർ കൂടി വേണമെന്ന് വക്കീൽ ആവശ്യപ്പെട്ടു. ഇതനുസരിച്ച് സ്ത്രീ രണ്ടു തവണകളായി നാലായിരം (4,000) ദിനാർ കൂടി ഇയാളുടെ അക്കൗണ്ടിലേക്ക് അയച്ചു നൽകി.
പിന്നീട് കേസിന്റെ നിയമപരമായ കാര്യങ്ങൾക്കായി വിദേശയാത്ര നടത്തണമെന്നും സബ്മിഷനുകൾ തയാറാക്കണമെന്നും കാണിച്ച് വക്കീൽ ഇവർക്ക് വാട്‌സ്ആപ്പ് വഴി വോയ്‌സ് മെസ്സേജ് അയക്കുകയും അയ്യായിരം ദിനാറിന് പുറമെ ആറായിരം (6,000) ദിനാർ കൂടി ആവശ്യപ്പെടുകയും ചെയ്തു. വക്കീലിന്റെ വാക്കുകൾ വിശ്വസിച്ച ഇര, ഈ തുകയും രണ്ട് തവണകളായി കൈമാറുകയായിരുന്നു.
എന്നാൽ പിന്നീട് തട്ടിപ്പ് മനസ്സിലാക്കിയ സ്ത്രീയുടെ മകൾ വക്കീലിനെ ബന്ധപ്പെട്ടപ്പോൾ, തനിക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ച ഇയാൾ പണം തിരികെ നൽകാമെന്ന് സമ്മതിച്ചു. ഇതിനായി എണ്ണായിരം (8,000) ദിനാറിന്റെ മൂന്ന് ചെക്കുകൾ ഇയാൾ മകൾക്ക് കൈമാറിയെങ്കിലും അവർ അത് നിരസിക്കുകയായിരുന്നു. തന്റെ അമ്മ വക്കീലിന് ആകെ പതിനേഴായിരത്തി അഞ്ഞൂറ് (17,500) ദിനാർ നൽകിയിട്ടുണ്ടെന്ന് മകൾ ചൂണ്ടിക്കാട്ടി.
ഇതിൽ മുവ്വായിരത്തി അഞ്ഞൂറ് (3,500) ദിനാർ തന്റെ ഔദ്യോഗിക വക്കീൽ ഫീസാണെന്നും ബാക്കി തുകയായ പതിനാലായിരം (14,000) ദിനാർ മാത്രമാണ് നൽകാനുള്ളതെന്നും സമ്മതിച്ച വക്കീൽ, എന്നാൽ നിലവിൽ ഈ തുക തിരികെ നൽകാൻ തന്റെ പക്കൽ പണമില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ വക്കീലിന്റെ യാത്രാ രേഖകൾ പരിശോധിച്ചപ്പോൾ കേസിന്റെ ആവശ്യത്തിനായി ഇയാൾ വിദേശയാത്ര നടത്തിയിട്ടില്ലെന്ന് വ്യക്തമായി. കൂടാതെ ഇയാൾക്കെതിരെ സമാനമായ മറ്റ് സാമ്പത്തിക തട്ടിപ്പ് പരാതികളും നിലവിലുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് വക്കീലിനെതിരെയുള്ള വഞ്ചനാക്കുറ്റം തെളിഞ്ഞതും കോടതി ശിക്ഷ വിധിച്ചതും.
dsfsdf

