ആഗോള സാമ്പത്തിക മത്സരക്ഷമതയിൽ മികച്ച 20 രാജ്യങ്ങളുടെ പട്ടികയിൽ ബഹ്റൈൻ
പ്രദീപ് പുറവങ്കര
മനാമ: സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ 2026-ലെ വേൾഡ് കോംപറ്റിറ്റീവ്‌നെസ് ഇയർബുക്കിൽ ബഹ്‌റൈന് ചരിത്ര നേട്ടം. പട്ടികയിൽ 10 സ്ഥാനങ്ങൾ ഒന്നിച്ച് മുന്നേറിയ രാജ്യം ചരിത്രത്തിലാദ്യമായി ലോകത്തെ ഏറ്റവും ഉയർന്ന സാമ്പത്തിക മത്സരക്ഷമതയുള്ള 20 രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു. സൂചികയിൽ ഉൾപ്പെട്ടിട്ടുള്ള 70 ആഗോള സമ്പദ്‌വ്യവസ്ഥകളിൽ 20-ാം സ്ഥാനമാണ് ബഹ്‌റൈൻ സ്വന്തമാക്കിയത്. കഴിഞ്ഞ 2022-ൽ രാജ്യം 30-ാം സ്ഥാനത്തായിരുന്നു. സാമ്പത്തിക പ്രകടന വിഭാഗത്തിലെ 'വിലനിലവാരം' എന്ന ഘടകത്തിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനം നേടാൻ കഴിഞ്ഞത് രാജ്യത്തിന് വലിയ കരുത്തായി. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിലും ജീവിതച്ചെലവ്, ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വില എന്നിവ മികച്ച രീതിയിൽ നിലനിർത്തുന്നതിലും രാജ്യം കൈവരിച്ച മുന്നേറ്റമാണ് ഇത് കാണിക്കുന്നത്.
രാജ്യാന്തര വ്യാപാര രംഗത്ത് ആഗോളതലത്തിൽ 11-ാം സ്ഥാനത്താണ് ബഹ്‌റൈൻ. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (GDP) ഏകദേശം 49 ബില്യൺ ഡോളറിലെത്തിയപ്പോൾ, സമ്പദ്‌വ്യവസ്ഥ 3.5 ശതമാനത്തിന്റെ യഥാർത്ഥ വളർച്ച രേഖപ്പെടുത്തി. പർച്ചേസിംഗ് പവർ പാരിറ്റി (PPP) അടിസ്ഥാനമാക്കിയുള്ള പ്രതിശീർഷ ജി.ഡി.പി 70,650 ഡോളറിലെത്തിയതോടെ ഈ വിഭാഗത്തിൽ ബഹ്‌റൈൻ ആഗോളതലത്തിൽ 20-ാം സ്ഥാനത്താണ്. വിദേശ നേരിട്ടുള്ള നിക്ഷേപം (FDI) ആകർഷിക്കുന്നതിൽ ഒമ്പതാം സ്ഥാനത്തുള്ള രാജ്യത്തിന്റെ ആകെ ജി.ഡി.പിയുടെ 5.25 ശതമാനത്തിന് തുല്യമാണ് നിലവിലെ വിദേശ നിക്ഷേപ ഒഴുക്ക്.
ഭരണനിർവ്വഹണക്ഷമതയുടെ കാര്യത്തിൽ നികുതി നയങ്ങളിൽ അഞ്ചാം സ്ഥാനവും ബിസിനസ്സ് നിയമങ്ങളിൽ 11-ാം സ്ഥാനവും ബഹ്‌റൈൻ സ്വന്തമാക്കിയെങ്കിലും പൊതു ധനകാര്യത്തിൽ (Public Finances) 67-ാം സ്ഥാനത്താണ്. ബിസിനസ്സ് രംഗത്തെ കാര്യക്ഷമതയിലും മികച്ച ഫലങ്ങളാണ് രാജ്യം കൈവരിച്ചത്. തൊഴിലിടങ്ങളിലെ മനോഭാവത്തിലും മൂല്യങ്ങളിലും ഏഴാം സ്ഥാനവും തൊഴിൽ വിപണിയിൽ 11-ാം സ്ഥാനവും മാനേജ്‌മെന്റ് രീതികളിൽ 12-ാം സ്ഥാനവും രാജ്യം നേടി. അടിസ്ഥാന സൗകര്യ വികസനത്തിൽ എട്ടാം സ്ഥാനവും സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളിൽ 19-ാം സ്ഥാനവും ശാസ്ത്രീയ അടിസ്ഥാന സൗകര്യങ്ങളിൽ 61-ാം സ്ഥാനവുമാണ് ബഹ്‌റൈനുള്ളത്.
പ്രാദേശിക തലത്തിലും വലിയ മുന്നേറ്റം ദൃശ്യമാണ്. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലയിലെ 45 സമ്പദ്‌വ്യവസ്ഥകളിൽ നാല് വർഷം മുൻപുണ്ടായിരുന്ന 21-ാം സ്ഥാനത്തുനിന്നും 12-ാം സ്ഥാനത്തേക്ക് ബഹ്‌റൈൻ ഉയർന്നു. കൂടാതെ, 20 ദശലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള 38 രാജ്യങ്ങളുടെ പട്ടികയിൽ 19-ൽ നിന്ന് 13-ാം സ്ഥാനത്തേക്കും രാജ്യം മുന്നേറി. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ, ശക്തമായ ഭരണം, സുസ്ഥിരമായ സ്ഥാപനങ്ങൾ, നിയമവാഴ്ച, കരുത്തുറ്റ കറൻസി എന്നിവയാണ് ഒരു രാജ്യത്തിന്റെ സാമ്പത്തിക മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതെന്ന് ഐ.എം.ഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
xvxv

