സംഗീതത്തിൽ വിസ്മയമായി മൂന്ന് വയസ്സുകാരൻ; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി ബഹ്‌റൈനിലെ മലയാളി ബാലൻ
പ്രദീപ് പുറവങ്കര
മനാമ: കേവലം മൂന്ന് വയസ്സ് മാത്രം പ്രായമുള്ള നീൽകൃഷ്ണ എന്ന മലയാളി ബാലൻ തന്റെ അസാധാരണമായ സംഗീത പ്രതിഭയിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി. പാട്ടിന്റെ വരികളോ ഗായകന്റെ ശബ്ദമോ ഇല്ലാതെ, വെറും മ്യൂസിക് ഇൻസ്ട്രുമെന്റൽ ട്യൂണുകൾ മാത്രം കേട്ട് 13 മിനിറ്റിനുള്ളിൽ നാൽപ്പതിലധികം പാട്ടുകൾ കൃത്യമായി തിരിച്ചറിഞ്ഞാണ് ഈ കൊച്ചുമിടുക്കൻ വിധികർത്താക്കളെ അത്ഭുതപ്പെടുത്തിയത്. പാട്ടിന്റെ ഈണവും സംഗീത ക്രമീകരണവും മാത്രം കേട്ട് ഓരോ പാട്ടും കൃത്യമായി തിരിച്ചറിയാൻ നീൽകൃഷ്ണയ്ക്ക് സാധിച്ചു.
വളരെ ചെറിയ പ്രായത്തിൽ തന്നെ നീൽകൃഷ്ണയ്ക്ക് സംഗീതത്തോടുള്ള താല്പര്യം പ്രകടമായിരുന്നു. കേൾക്കുന്ന പാട്ടുകൾ സന്തോഷത്തോടെ ഒപ്പം പാടാനും, അവയുടെ ഈണങ്ങൾ സ്വന്തം ശൈലിയിൽ പുനഃസൃഷ്ടിക്കാനും ഈ കുരുന്ന് കാണിച്ച മിടുക്ക് മാതാപിതാക്കളെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നു. മകന്റെ ഈ അപൂർവ്വ കഴിവ് തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ച മാതാപിതാക്കൾ ഈ നേട്ടം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന് മുന്നിൽ സമർപ്പിക്കുകയും അധികൃതർ ഇത് ഔദ്യോഗികമായി അംഗീകരിക്കുകയുമായിരുന്നു.
കേരളത്തിൽ കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ താലിച്ചാലം സ്വദേശികളായ ഡോ. രസ്ന പിലായ്ക്കൽ - സുജിത് കുമാർ പി. രാജൻ ദമ്പതികളുടെ മകനാണ് നീൽകൃഷ്ണ. ഈ മലയാളി കുടുംബം നിലവിൽ ബഹ്‌റൈനിലാണ് താമസിക്കുന്നത്. നീൽകൃഷ്ണയെ സംബന്ധിച്ചിടത്തോളം ഈ റെക്കോർഡ് നേട്ടം, ഭാവിയിലെ വലിയൊരു സംഗീത യാത്രയുടെ മനോഹരമായ തുടക്കം മാത്രമാണെന്ന് സംഗീതപ്രേമികൾ വിലയിരുത്തുന്നു.
afaf

