ബഹ്‌റൈനിൽ ശക്തമായ കാറ്റ്; വരുംദിവസങ്ങളിൽ കടുപ്പമേറിയ തണുപ്പിന് സാധ്യത
പ്രദീപ് പുറവങ്കര I ഗൾഫ് I ബഹ്റൈൻ:
ബഹ്‌റൈനിൽ വടക്കുപടിഞ്ഞാറൻ കാറ്റ് തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് തണുപ്പ് കഠിനമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് താപനില 10 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ടെന്നും രാത്രിയിലും പുലർച്ചെയും തണുപ്പ് അതിശക്തമാകുമെന്നും ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥാ ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇന്നലെ ആരംഭിച്ച ശക്തമായ കാറ്റ് ഇന്ന് വൈകീട്ട് വരെ തുടരുന്നു. പകൽ സമയത്ത് പൊടിപടലങ്ങൾ ഉയരാനും ആകാശം ഭാഗികമായി മേഘാവൃതമാകാനും സാധ്യതയുണ്ട്.
ഇന്നലെ രാത്രി താപനില 13 ഡിഗ്രി സെൽഷ്യസ് ആയിരുന്നെങ്കിലും, കാറ്റിന്റെ സ്വാധീനം മൂലം അനുഭവപ്പെട്ട തണുപ്പ് 4 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നതായി ആഗോള കാലാവസ്ഥാ ആപ്പുകൾ റിപ്പോർട്ട് ചെയ്തിരുന്നു. വരുന്ന ഞായറാഴ്ച തണുപ്പിനൊപ്പം ഇടയ്ക്കിടെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു. ശക്തമായ കാറ്റിനും തണുപ്പിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
aa


