ബഹ്റൈനിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിച്ചു; അയ്യായിരത്തിലധികം വിശ്വാസികൾ പങ്കെടുത്തു
പ്രദീപ് പുറവങ്കര / ഈസ ടൗൺ
ബഹ്റൈൻ മലയാളി കത്തോലിക്ക സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഡിസംബർ 26 വെള്ളിയാഴ്ച ഈസ ടൗണിലെ സേക്രഡ് ഹാർട്ട് സ്കൂൾ അങ്കണത്തിലായിരുന്നു ആഘോഷങ്ങൾ നടന്നത്. രാവിലെ 8:30-ന് നടന്ന കൊടിയേറ്റത്തോടെ തിരുനാൾ കർമ്മങ്ങൾക്ക് തുടക്കമായി. തുടർന്ന് വിശ്വാസികൾക്കായി അമ്പ് എഴുന്നള്ളിച്ചുവെക്കൽ ശുശ്രൂഷയും നടന്നു.
ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് മനാമ തിരുഹൃദയ ദേവാലയ വികാരിയും തീർഥാടന കേന്ദ്രം റെക്ടറുമായ റെവ. ഫാ. ഫ്രാൻസിസ് ജോസഫ് പടവുപുരക്കൽ മുഖ്യകാർമികത്വം വഹിച്ചു. ഔർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ റെക്ടർ ഫാ. സജി തോമസ്, ഫാ. ജോൺ ബ്രിട്ടോ, ഫാ. ജേക്കബ് കല്ലുവിള എന്നിവരുൾപ്പെടെ പത്തോളം വൈദികർ സഹകാർമികത്വം വഹിച്ചു. കുർബാനയ്ക്ക് ശേഷം നാട്ടിലെ തിരുനാൾ സ്മരണകൾ ഉണർത്തുന്ന വിധത്തിൽ വർണ്ണശബളമായ പ്രദക്ഷിണം നടന്നു.
ചെണ്ടമേളം, മുത്തുക്കുടകൾ, വിവിധ വർണ്ണങ്ങളിലുള്ള കൊടികൾ എന്നിവ പ്രദക്ഷിണത്തിന് മാറ്റുകൂട്ടി. അയ്യായിരത്തിലധികം വിശ്വാസികൾ പങ്കെടുത്ത ആഘോഷത്തിന് ശേഷം ഭക്തർക്കായി നേർച്ച ഭക്ഷണ വിതരണവും നടന്നു. ബഹ്റൈനിലെ പ്രവാസി മലയാളി കത്തോലിക്കരുടെ വലിയൊരു ഒത്തുചേരലിന് കൂടിയാണ് തിരുനാൾ വേദിയായത്.
zffdssd
gfg
