ADHD ബാധിതരായ വിദ്യാർത്ഥികൾക്ക് പ്രത്യേക പിന്തുണ; വിദ്യാഭ്യാസ മന്ത്രാലയത്തിന് പാർലമെന്റ് നിർദ്ദേശം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: സ്‌കൂളുകളിൽ 'അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ' (ADHD) ബാധിച്ച വിദ്യാർത്ഥികൾക്കായി പ്രത്യേക വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്കരിക്കാനും സൈക്കോളജിക്കൽ കൗൺസിലർമാർക്ക് മികച്ച പരിശീലനം നൽകാനും ലക്ഷ്യമിട്ടുള്ള നിർദ്ദേശത്തിന് ബഹ്‌റൈൻ പാർലമെന്റ് അംഗീകാരം നൽകി. സർക്കാർ, സ്വകാര്യ സ്കൂളുകളിൽ ഒരുപോലെ ഈ സംവിധാനം നടപ്പിലാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കുട്ടികളുടെ പഠനത്തെയും സാമൂഹിക ഇടപെടലുകളെയും ബാധിക്കുന്ന ഈ അവസ്ഥയെ ഗൗരവമായി കാണണമെന്നും ഇത് കേവലം നിസ്സാരമായ ഒരു പ്രശ്നമല്ലെന്നും എം.പിമാർ ചൂണ്ടിക്കാട്ടി. കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ലഭിച്ചാൽ മികച്ച കഴിവുകൾ പ്രകടിപ്പിക്കാൻ ശേഷിയുള്ളവരാണ് ഇത്തരം വിദ്യാർത്ഥികളെന്ന് സഭ നിരീക്ഷിച്ചു.

പ്രാഥമിക ഘട്ടത്തിൽത്തന്നെ ADHD തിരിച്ചറിയുന്നതിനും (Early Diagnosis) ശാസ്ത്രീയമായ പിന്തുണ നൽകുന്നതിനും പ്രാധാന്യം നൽകണമെന്ന് എം.പി ജലീല അലവി അൽ സയ്യിദ് ഹസൻ പറഞ്ഞു. ഓരോ സ്കൂളിലും ഗണ്യമായ എണ്ണം വിദ്യാർത്ഥികൾ ഈ അവസ്ഥ നേരിടുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അധ്യാപന രീതികളിലും പരീക്ഷാ സംവിധാനങ്ങളിലും ക്ലാസ്റൂം അന്തരീക്ഷത്തിലും കുട്ടികളുടെ പ്രത്യേകതകൾക്കനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് ഡോ. അലി മാജിദ് അൽ നുഐമി എം.പി വ്യക്തമാക്കി.

കൃത്യമായ പിന്തുണ സംവിധാനങ്ങൾ ഇല്ലാത്തത് അധ്യാപകരിലും സ്കൂൾ മാനേജ്‌മെന്റുകളിലും വലിയ സമ്മർദ്ദം ഉണ്ടാക്കുന്നുണ്ടെന്ന് എം.പി മഹ്മൂദ് മിർസ ഫർദാൻ പറഞ്ഞു. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിന് ദേശീയതലത്തിൽ ഏകോപിപ്പിച്ച പദ്ധതികൾ വേണമെന്ന് എം.പി മുനീർ ഇബ്രാഹിം സുരൂറും, സ്കൂൾ വിദ്യാഭ്യാസത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഈ പിന്തുണ തുടരണമെന്ന് ലുലുവ അലി അൽ റുമൈഹിയും ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം അവരുടെ മാനസിക ഉല്ലാസവും ഉറപ്പാക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് പാർലമെന്റിന്റെ വിലയിരുത്തൽ.

article-image

adsaswds

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed