ശൈത്യകാല ഖൈമ സംഘടിപ്പിച്ച് അൽഫുർഖാൻ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: അൽഫുർഖാൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ സഖീറിൽ സംഘടിപ്പിച്ച ശൈത്യകാല ഖൈമ (വിന്റർ ക്യാമ്പ്) പങ്കാളിത്തം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. അൽഫുർഖാൻ അംഗങ്ങൾ, ക്യു.എച്ച്.എൽ.എസ് പഠിതാക്കൾ, മദ്രസ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ക്യാമ്പിൽ പങ്കെടുത്തു.
ഫെബ്രുവരി 5-ന് വൈകുന്നേരം ആരംഭിച്ച ക്യാമ്പിൽ വിജ്ഞാനപ്രദമായ ക്ലാസുകളും ആരോഗ്യ ബോധവൽക്കരണവും നടന്നു. അബ്ദുൾ ലത്തീഫ് അഹമ്മദ്, മൂസ സുല്ലമി എന്നിവർ യഥാക്രമം 'ലാഭകരമായ കച്ചവടം', 'സംഘടിത പ്രവർത്തനത്തിന്റെ പ്രാധാന്യം' എന്നീ വിഷയങ്ങളിൽ ഉൽബോധനം നടത്തി. വരാനിരിക്കുന്ന റമദാൻ മാസത്തിൽ ശ്രദ്ധിക്കേണ്ട ആരോഗ്യ കാര്യങ്ങളെക്കുറിച്ച് ഡോ. ഇസ്മയിൽ ക്ലാസ് നയിച്ചു.
മുതിർന്നവർക്കും കുട്ടികൾക്കുമായി വടംവലി, കസേരകളി, ക്വിസ് മത്സരം, ലെമൺ സ്പൂൺ തുടങ്ങി ആവേശകരമായ വിനോദ മത്സരങ്ങളും സംഘടിപ്പിച്ചു. വനിതാ വിംഗിന്റെ നേതൃത്വത്തിൽ നടന്ന പ്രത്യേക പരിപാടിയിൽ ഡോ. നസീഹ സ്ത്രീകളുടെ ആരോഗ്യ പരിപാലനത്തെക്കുറിച്ച് സംസാരിച്ചു. ഫജ്ന, സാജിദ, സബീല, സഫ എന്നിവർ സ്ത്രീകൾക്കായുള്ള വിനോദ പരിപാടികൾ നിയന്ത്രിച്ചു.
പ്രസിഡന്റ് സൈഫുള്ള കാസിം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി മനാഫ് കബീർ സ്വാഗതം പറഞ്ഞു. ഷഅബാൻ മാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും റമദാൻ മുന്നൊരുക്കങ്ങളെക്കുറിച്ചും പ്രസിഡന്റ് സംസാരിച്ചു. അബ്ദുൾ മജീദ് തെരുവത്ത്, നൗഷാദ്, മുഹമ്മദ് എൻ.കെ എന്നിവർ പ്രസീഡിയം അലങ്കരിച്ചു. ജനറൽ കൺവീനർ അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ വിപുലമായ വോളന്റിയർ ടീം ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ചു. പുലർച്ചെ ഒരു മണിയോടെ ക്യാമ്പ് സമാപിച്ചു.
sadf


