വാഹനരേഖകൾ ഡിജിറ്റലാകാൻ നിർദേശം നൽകി ബഹ്റൈൻ പാർലിമെന്റ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ബഹ്‌റൈനിൽ വാഹന പരിശോധനാ വേളകളിൽ ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്‌ട്രേഷനും ഉൾപ്പെടെയുള്ള രേഖകൾ ഡിജിറ്റൽ രൂപത്തിൽ ഹാജരാക്കിയാൽ മതിയെന്ന സുപ്രധാന നിർദ്ദേശത്തിന് പാർലമെന്റ് ഏകകണ്ഠമായി അംഗീകാരം നൽകി. ഡിജിറ്റൽ യുഗത്തിലേക്കുള്ള രാജ്യത്തിന്റെ മാറ്റത്തിന് കരുത്തുപകരുന്ന ഈ പ്രമേയം നടപ്പിലായാൽ ഡ്രൈവർമാർ ലൈസൻസിന്റെയോ ഇൻഷുറൻസിന്റെയോ കടലാസ് കോപ്പികൾ നിർബന്ധമായും കൈവശം വെക്കേണ്ട സാഹചര്യം ഒഴിവാകും.
എം.പി ഡോ. അബ്ദുൽ ഹക്കീം അൽ ഷെനോയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഈ നിർദ്ദേശം പാർലമെന്റിന് മുന്നിൽ വെച്ചത്. നിലവിൽ ഗവൺമെന്റ് ഇ-വാലറ്റിലും (e-Wallet) മറ്റ് ഔദ്യോഗിക ആപ്പുകളിലും ഈ രേഖകൾ ലഭ്യമാണെങ്കിലും, ഇവ കൈവശമില്ലാത്തതിന്റെ പേരിൽ പിഴ ഈടാക്കുന്നത് നീതിയല്ലെന്ന് പാർലമെന്റ് വിലയിരുത്തി. രാജ്യം സ്മാർട്ട് സർവീസുകളിലേക്ക് മാറുമ്പോൾ നിയമങ്ങളും അതിനനുസരിച്ച് മാറേണ്ടതുണ്ട്. ഔദ്യോഗിക സംവിധാനങ്ങൾ വഴി നൽകുന്ന ഇലക്ട്രോണിക് രേഖകൾക്ക് കടലാസ് രേഖകൾക്ക് തുല്യമായ നിയമസാധുത നൽകുകയാണ് ഇതിന്റെ ലക്ഷ്യം.
പുതിയ മാറ്റം നിലവിൽ വന്നാൽ ട്രാഫിക് ഉദ്യോഗസ്ഥർക്ക് പരിശോധനകൾ കൂടുതൽ വേഗത്തിലും കൃത്യതയോടും കൂടി പൂർത്തിയാക്കാൻ സാധിക്കും. രേഖകൾ പ്രിന്റ് ചെയ്യുന്നതിനുള്ള ചെലവും കടലാസ് ഉപയോഗവും കുറയ്ക്കുന്നതിലൂടെ ഭരണപരമായ സങ്കീർണ്ണതകൾ ലഘൂകരിക്കാനും പരിസ്ഥിതി സൗഹൃദമായ ഒരു സംവിധാനം വളർത്തിയെടുക്കാനും സാധിക്കും. കൂടാതെ, രേഖകൾ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുമെന്ന ആശങ്കയിൽ നിന്നും ഉപഭോക്താക്കൾക്ക് മോചനം ലഭിക്കും.
പാർലമെന്റ് അംഗീകരിച്ച ഈ നിർദ്ദേശം ഇപ്പോൾ മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിച്ചിരിക്കുകയാണ്. മന്ത്രിസഭയുടെ പഠനത്തിന് ശേഷം ആവശ്യമായ നിയമ ഭേദഗതികൾ വരുത്തിയതിന് ശേഷം ബഹ്‌റൈനിൽ ട്രാഫിക് രേഖകൾ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറും.
sdfsf


