ഇന്ത്യൻ യൂണിയൻ ബജറ്റ്: ബഹ്റൈനിലെ ഇന്ത്യൻ എംബസി സെമിനാർ സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: 2026-ലെ ഇന്ത്യൻ യൂണിയൻ ബജറ്റ് വിശകലനം ചെയ്യുന്നതിനായി ബഹ്‌റൈനിലെ ഇന്ത്യൻ എംബസി സെമിനാർ സംഘടിപ്പിച്ചു. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലെ പ്രധാന നിർദ്ദേശങ്ങൾ, നിക്ഷേപ അവസരങ്ങൾ, ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ സ്വാധീനം എന്നിവ സെമിനാറിൽ ചർച്ചയായി.

ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് സെമിനാറിനെ അഭിസംബോധന ചെയ്തു. 4.13 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയുള്ള ഇന്ത്യ 7.4 ശതമാനം വളർച്ചയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശക്തമായ സാമ്പത്തിക അച്ചടക്കം പാലിക്കുന്ന ബജറ്റ് ഇന്ത്യയെ വിശ്വസനീയമായ ആഗോള നിക്ഷേപ കേന്ദ്രമായി മാറ്റുന്നു. ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാറും 15 വർഷത്തിന് ശേഷം പുനരാരംഭിച്ച ഇന്ത്യ-ജിസിസി വ്യാപാര ചർച്ചകളും ഇന്ത്യയുടെ ആഗോള സാമ്പത്തിക താൽപ്പര്യം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ബഹ്റൈൻ മുൻ തൊഴിൽ-സാമൂഹിക കാര്യ മന്ത്രി അബ്ദുൽ നബി അൽ ഷൂഅല തന്റെ പ്രസംഗത്തിൽ ഇന്ത്യയുമായുള്ള ബഹ്‌റൈന്റെ ദീർഘകാല ബന്ധം അനുസ്മരിച്ചു. 1971-ൽ ബഹ്‌റൈൻ സ്വതന്ത്രമായ കാലം മുതൽ ഇന്ത്യയുടെ വികസന സാധ്യതകളിൽ ബഹ്‌റൈൻ വിശ്വാസമർപ്പിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 2047-ഓടെ വികസിത രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ ലക്ഷ്യം വിജയകരമായി പൂർത്തിയാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൺട്രി ഹെഡ് മധു രാമൻകുട്ടി, ഐസിഐസിഐ സീനിയർ ഫണ്ട് മാനേജർ ഇഹാബ് ദൽവായ് എന്നിവർ ബജറ്റിന്റെ സാങ്കേതിക വശങ്ങൾ വിശദീകരിച്ചു. നികുതി നടപടികളിലെ ലളിതവൽക്കരണവും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പ്രാധാന്യവും ആഗോള നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്നതാണെന്ന് അവർ അഭിപ്രായപ്പെട്ടു. സബ്കാ സാത്ത്, സബ്കാ വികാസ് എന്ന തത്വത്തിലൂന്നി എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനമാണ് ബജറ്റ് ലക്ഷ്യമിടുന്നത്.

ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റി ചെയർമാൻ അബ്ദുറഹ്മാൻ ജുമ ഉൾപ്പെടെയുള്ള പ്രമുഖരും ബിസിനസ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് നടന്ന ചോദ്യോത്തര വേളയിൽ നിക്ഷേപകർക്കും പ്രവാസികൾക്കും ബജറ്റിലെ സംശയങ്ങൾ ദൂരീകരിക്കാൻ അവസരം ലഭിച്ചു.

article-image

sadd

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed