വൈദ്യുതി ബിൽ : ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാൻ നിർദേശിച്ച് ബഹ്റൈൻ പാർലമെന്റ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുന്നതിനും അപ്രതീക്ഷിതമായി വലിയ തുക ബില്ലായി വരുന്നത് ഒഴിവാക്കുന്നതിനും സഹായകമായ പുതിയ നിർദ്ദേശത്തിന് ബഹ്‌റൈൻ പാർലമെന്റ് അംഗീകാരം നൽകി. ഉപഭോക്താക്കളുടെ വൈദ്യുതി ഉപഭോഗം സബ്‌സിഡി നിരക്കുള്ള പരിധി കഴിഞ്ഞ് ഉയർന്ന നിരക്കുള്ള മൂന്നാം താരിഫിലേക്ക് (Third Tariff Band) പ്രവേശിക്കുമ്പോൾ തന്നെ എസ്.എം.എസ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ഉടനടി അറിയിപ്പ് നൽകണമെന്നാണ് ഈ പുതിയ നീക്കം. എം.പി ബദർ അൽ തമീമിയുടെ നേതൃത്വത്തിൽ അഞ്ച് അംഗങ്ങൾ സമർപ്പിച്ച അടിയന്തര പ്രമേയമാണ് പാർലമെന്റ് ഏകകണ്ഠമായി പാസാക്കിയത്. ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (EWA) വഴിയാണ് ഈ സേവനം ലഭ്യമാക്കാൻ പാർലിമെന്റ് നിർദേശിച്ചിരിക്കുന്നത്.

സബ്‌സിഡി നിരക്കുള്ള ഒന്നും രണ്ടും പരിധികൾ കടന്ന് ഉയർന്ന നിരക്കുള്ള മൂന്നാം ഘട്ടത്തിലേക്ക് ഉപഭോഗം മാറുന്നത് പല കുടുംബങ്ങളും മാസാവസാനം ബില്ല് വരുമ്പോൾ മാത്രമാണ് തിരിച്ചറിയുന്നതെന്ന് എംപിമാർ ചൂണ്ടികാട്ടി. ബിൽ തുക കുതിച്ചുയരുന്നത് തടയാനും ഉപഭോക്താക്കൾക്കിടയിൽ ബോധവൽക്കരണം ശക്തമാക്കാനും ഈ തത്സമയ അറിയിപ്പ് സംവിധാനം ഉപകരിക്കും. സബ്‌സിഡി പരിധി കഴിയുന്ന നിമിഷം തന്നെ മൊബൈലിൽ സന്ദേശം ലഭിക്കുന്നതിലൂടെ എയർ കണ്ടീഷണറുകളുടെയും മറ്റും ഉപയോഗം ക്രമീകരിച്ച് വലിയ സാമ്പത്തിക ബാധ്യത ഒഴിവാക്കാൻ കുടുംബങ്ങൾക്ക് സാധിക്കും. കൂടാതെ അതോറിറ്റിയും ജനങ്ങളും തമ്മിലുള്ള സുതാര്യമായ ആശയവിനിമയം പരാതികൾ കുറയ്ക്കാനും വിശ്വാസ്യത വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു.

പ്രത്യേകിച്ച് വേനൽക്കാലത്ത് എയർ കണ്ടീഷണറുകളുടെ അമിത ഉപയോഗം കാരണം പലരും അറിയാതെ തന്നെ ഉയർന്ന താരിഫിലേക്ക് മാറാറുണ്ട്. നോട്ടിഫിക്കേഷൻ സംവിധാനം നിലവിൽ വരുന്നതോടെ ഊർജ്ജ ദുരുപയോഗം കുറയ്ക്കാനും ഉത്തരവാദിത്തമുള്ള ഉപഭോഗ ശീലം വളർത്താനും കഴിയുമെന്ന് ബദർ അൽ തമീമി എം.പി അഭിപ്രായപ്പെട്ടു. പാർലമെന്റ് അംഗീകരിച്ച ഈ നിർദ്ദേശം ഇനി ഗവൺമെന്റിന്റെയും മന്ത്രിസഭയുടെയും പരിഗണനയ്ക്ക് വിടും. പദ്ധതിയുടെ സാങ്കേതിക വശങ്ങൾ പരിശോധിച്ച് ഈ സംവിധാനം നടപ്പിലാക്കുന്നതിനുള്ള അന്തിമ നടപടികൾ മന്ത്രിസഭ സ്വീകരിക്കും.

article-image

sgdsgd

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed