'ഹവാ അൽ മനാമ' ഫെസ്റ്റിവലിന് ഉജ്ജ്വല തുടക്കം; ഉദ്ഘാടനം ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ നിർവഹിച്ചു
പ്രദീപ് പുറവങ്കര / മനാമ
'സെലിബ്രേറ്റ് ബഹ്റൈൻ' സീസണിലെ ശ്രദ്ധേയമായ പരിപാടികളിലൊന്നായ ഹവാ അൽ മനാമ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് തുടക്കമായി. ഹിസ് ഹൈനെസ് ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. മനാമ സൂഖിന്റെ സമ്പന്നമായ പൈതൃകം, കല, സംസ്‌കാരം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള വിപുലമായ പരിപാടികളാണ് ജനുവരി പകുതി വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്.
ബഹ്റൈനെ ഒരു പ്രധാന ആഗോള ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിൽ ഇത്തരം പ്രാദേശിക പരിപാടികൾ നിർണ്ണായക പങ്ക് വഹിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. രാജ്യത്തിന്റെ പൈതൃകവും വൈവിധ്യമാർന്ന സംസ്‌കാരവും പ്രദർശിപ്പിക്കാൻ ഇത്തരം വേദികൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരിത്രപ്രധാനമായ പ്രദേശങ്ങളെ പുനരുജ്ജീവിപ്പിക്കാനും സാംസ്‌കാരിക വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും വലിയ മേളയാണിത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇരുന്നൂറിലധികം ബഹ്റൈനി ബിസിനസുകളും മുന്നൂറിലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകളും മേളയിൽ അണിനിരക്കുന്നു. 250-ലധികം സ്വദേശി യുവാക്കളുടെ സജീവ പങ്കാളിത്തവും ഈ വർഷത്തെ ഫെസ്റ്റിവലിന്റെ കരുത്താണ്. മനാമ സൂഖ്, അൽ ഖലീഫ അവന്യു, ഹൽവ മ്യൂസിയം, ബാറ്റൽക്കോ ബിൽഡിംഗ്, അൽ ഫാദൽ സ്‌ക്വയർ തുടങ്ങി വിവിധ ഇടങ്ങളിലായാണ് പരിപാടികൾ അരങ്ങേറുന്നത്. പരമ്പരാഗത ഭക്ഷണങ്ങൾ, കരകൗശല വസ്തുക്കൾ, സംഗീത പരിപാടികൾ, പഴയകാല സിനിമാ അനുഭവങ്ങൾ, ക്ലാസിക് കാർ പ്രദർശനം തുടങ്ങി സന്ദർശകരെ ആകർഷിക്കുന്ന ഒട്ടേറെ വിഭവങ്ങൾ മേളയുടെ ഭാഗമാണ്.
sfdsdf
