പി. ഭാസ്കരൻ ജന്മശതാബ്ദി ആഘോഷം: 'ഓർക്കുക വല്ലപ്പോഴും' സംഗീത സന്ധ്യയ്ക്കായി വി.ടി. മുരളി ബഹ്‌റൈനിലെത്തി


പ്രദീപ് പുറവങ്കര / മനാമ  

മലയാളത്തിന്റെ പ്രിയ കവിയും സംവിധായകനുമായിരുന്ന പി. ഭാസ്കരൻ മാസ്റ്ററുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഓർക്കുക വല്ലപ്പോഴും' സംഗീത പരിപാടിയിൽ പങ്കെടുക്കാൻ പ്രശസ്ത പിന്നണി ഗായകൻ വി.ടി. മുരളി ബഹ്‌റൈനിലെത്തി. ഓറ ആർട്‌സിന്റെ ബാനറിൽ സാംസ്‌കാരിക കൂട്ടായ്മയായ 'ഭൂമിക' ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജനുവരി രണ്ട് വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് സംഗീത നിശ അരങ്ങേറുന്നത്.

'മലർമണം പടർന്ന നൂറ് വർഷങ്ങൾ' എന്ന പ്രമേയത്തിൽ ഒരുക്കുന്ന ഈ സംഗീത യാത്രയിൽ ഭാസ്കരൻ മാസ്റ്ററുടെ അനശ്വര ഗാനങ്ങൾ വി.ടി. മുരളിയും ബഹ്‌റൈനിലെ പ്രമുഖ കലാകാരന്മാരും ചേർന്ന് അവതരിപ്പിക്കും. മലയാള ചലച്ചിത്ര സംഗീതത്തിലെ സുവർണ്ണ കാലഘട്ടത്തെ പുനരാവിഷ്കരിക്കുന്ന ഈ സന്ധ്യയിലേക്ക് എല്ലാ പ്രവാസി മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ഭാസ്കരൻ മാസ്റ്ററുടെ കാവ്യപ്രപഞ്ചത്തിലൂടെയുള്ള അവിസ്മരണീയമായ ഒരു യാത്രയായിരിക്കും 'ഓർക്കുക വല്ലപ്പോഴും' എന്ന് ഭൂമിക ഭാരവാഹികൾ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് 3221 8850 (ഇ.എ സലിം), 6691 1311 (രജിത സുനിൽ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

cvxxcv

You might also like

  • Straight Forward

Most Viewed