ബഹ്‌റൈൻ സെന്റ് മേരീസ് കത്തീഡ്രൽ പെരുന്നാളിന് കൊടിയിറങ്ങി

പ്രദീപ് പുറവങ്കര
മനാമ l മലങ്കര ഓർത്തഡോക്സ് സഭയുടെ മധ്യപൂർവദേശത്തെ മാതൃദേവാലയമായ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ 67-ാമത് പെരുന്നാൾ ആഘോഷങ്ങൾക്ക് കൊടിയിറങ്ങി. ഒക്ടോബർ 3 മുതൽ 10 വരെ നടന്ന പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനാധിപനും ബാംഗ്ലൂർ ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയുമായ ഗീവർഗ്ഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിച്ചു.
എം. ജി. ഒ. സി. എസ്. എം. കേന്ദ്ര ജനറൽ സെക്രട്ടറി റവ. ഫാദർ ഡോ. വിവേക് വർഗീസ് വചന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പെരുന്നാളിന്റെ പ്രധാന ദിവസമായ 10-ാം തീയതി പ്രഭാത നമസ്കാരം, വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന, പ്രദക്ഷിണം, കോടിയിറക്ക് എന്നിവ നടന്നു. ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായിരുന്നു.
കൂടാതെ, സഭയുടെ പുതിയ ആത്മീയ സംഘടനയായ സെന്റ് ഡയനേഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ ബഹ്‌റൈൻ യൂണിറ്റ് ഉദ്ഘാടനവും പെരുന്നാളിനോടനുബന്ധിച്ച് നടന്നു. ഇടവക വികാരി ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ, സഹ വികാരി ഫാദർ തോമസ്കുട്ടി പി. എൻ., ട്രസ്റ്റി സജി ജോർജ്, സെക്രട്ടറി ബിനു മാത്യൂ ഈപ്പൻ എന്നിവർ എല്ലാവർക്കും നന്ദി അറിയിച്ചു.
dsfsdf