ബഹ്‌റൈനിൽ കാർ ഇറക്കുമതിയിൽ വൻ വർധന; ആദ്യ പകുതിയിൽ 15% വളർച്ച

പ്രദീപ് പുറവങ്കര
മനാമ I 2025 ജൂലൈ 21 – 2025ന്റെ ആദ്യ പകുതി അവസാനിച്ചപ്പോൾ ബഹ്‌റൈനിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ എണ്ണത്തിൽ 15 ശതമാനം വർധനവ് രേഖപ്പെടുത്തി. വർധിച്ചുവരുന്ന ആവശ്യകത, കുതിച്ചുയരുന്ന പ്രാദേശിക വിപണി, ജനസംഖ്യാ വർധന, നടന്നുകൊണ്ടിരിക്കുന്ന ഭവന വികസന പദ്ധതികൾ, വാഹന മേഖലയിലെ വർധിച്ചുവരുന്ന ഉപഭോക്തൃ വായ്പാ പ്രവർത്തനങ്ങൾ എന്നിവയാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ 22,200-ലധികം വാഹനങ്ങളാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്. 2024ന്റെ ആദ്യ പകുതിയിൽ ഇത് 19,400 വാഹനങ്ങളായിരുന്നു. 2017-ന് ശേഷം ഏറ്റവും കൂടുതൽ കാർ ഇറക്കുമതി ചെയ്ത വർഷം 2024 ആയിരുന്നു. ആകെ 44,216 വാഹനങ്ങളാണ് 2024ൽ ഇറക്കുമതി ചെയ്തത്.
2025 ജനുവരിയിൽ 5365 വാഹനങ്ങൾ രാജ്യത്ത് എത്തി. വർഷാവസാന ഓഫറുകളും ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമുള്ള ക്രെഡിറ്റ് സൗകര്യങ്ങളും ഈ കുതിച്ചുചാട്ടത്തിന് കാരണമായതായും വിലയിരുത്തപ്പെടുന്നു. ഈ വർഷത്തെ ആദ്യ പകുതിയിൽ ഏറ്റവും കുറഞ്ഞ ഇറക്കുമതി രേഖപ്പെടുത്തിയത് മേയിലാണ്. ഈ മാസം 2,453 വാഹനങ്ങൾ മാത്രമാണ് ഇറക്കുമതി ചെയ്തത്. ബഹ്‌റൈനിലെ വാഹനവിപണിയിൽ ഓരോ വർഷവും 28,000 മുതൽ 35,000 വരെ പുതിയ വാഹനങ്ങൾ വിറ്റഴിയാറുണ്ട്. പുതിയ കാർ വിൽപ്പനയ്ക്ക് പുറമെ, രാജ്യത്ത് ഉപയോഗിച്ച കാറുകൾക്കും സജീവമായ വിപണിയുണ്ട്.
aa