ബഹ്റൈനിലെ ഭൂരിഭാഗം പ്രവാസികളും പ്രതിമാസം സമ്പാദിക്കുന്നത് 200 ദീനാറിൽ താഴെയെന്ന് റിപ്പോർട്ട്

ശാരിക
മനാമ: ബഹ്റൈനിലെ ഭൂരിഭാഗം പ്രവാസികളും പ്രതിമാസം സമ്പാദിക്കുന്നത് 200 ദീനാറിൽ താഴെയെന്ന് സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ പുറത്ത് വിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്വകാര്യമേഖലയിലെ 21 ശതമാനം ബഹ്റൈനികൾ 1000 ദീനാറിന് മുകളിൽ ശമ്പളം വാങ്ങുന്നുണ്ട്.
2025ന്‍റെ ആദ്യ പാദത്തിലെ കണക്കുകൾ പ്രകാരം 470,145 പ്രവാസികൾ ആണ് സോഷ്യൽ ഇൻഷൂറൻസ് പദ്ധതിയുടെ ഭാഗമായുള്ളത്. ഇവരിൽ 71 ശതമാനം അതായത് 332,270 പേരും പ്രതിമാസം 200 ദീനാറിൽ താഴെയാണ് വരുമാനം നേടുന്നത്. സ്വദേശികളിൽ ഇത് കേവലം രണ്ട് ശതമാനം മാത്രമാണ്. ആകെ 2142 സ്വദേശികൾക്കാണ് 200 ദിനാറിൽ താഴെ വരുമാനമുള്ളത്. ഇവരിൽ ഭൂരിഭാഗം പേരും സ്ത്രീകളാണ്.
പ്രവാസി തൊഴിലാളികളിൽ 14 ശതമാനം പേർ 200നും 399നും ഇടയിൽ വരുമാനം നേടുന്നവരാണ്. എട്ടു ശതമാനം പേർ മാത്രമാണ് 400നും 599നും ഇടയിൽ സമ്പാദിക്കുന്നത്. രണ്ട് ശതമാനം പേർ 600നും 999നും ഇടയിൽ നേടുമ്പോൾ ഒരു ശതമാനം മാത്രമാണ് പ്രതിമാസം 1000 ദീനാറിന് മുകളിൽ ശമ്പളമായി നേടുന്നത്.
മൊത്തത്തിലുള്ള ശരാശരി കണക്കുകൾ പ്രകാരം, ബഹ്‌റൈനി തൊഴിലാളികൾക്ക് പ്രതിമാസം ശരാശരി 881 ദീനാർ ലഭിക്കുമ്പോൾ, പ്രവാസികൾക്ക് ശരാശരി ലഭിക്കുന്നത് 271 ദീനാർ മാത്രമാണ്.
dsfsdf