കുവൈത്തിൽ‍ ട്രക്കുകൾ‍ക്ക് മാത്രമായി പാർ‍ക്കിങ് സൗകര്യം വരുന്നു


കുവൈത്തിൽ‍ ട്രക്കുകൾ‍ക്ക് മാത്രമായി പാർ‍ക്കിങ് സൗകര്യം ഒരുക്കാൻ ആഭ്യന്തരമന്ത്രാലയത്തിന്റെ നിർ‍ദേശം. ഇതിനായി സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി മുനിസിപ്പാലിറ്റിക്ക് കത്ത് നൽ‍കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്നിടങ്ങളിൽ‍ പ്രത്യേക പാർ‍ക്കിങ് സ്ഥലമൊരുക്കാനാണ് പദ്ധതി. താമസ കേന്ദ്രങ്ങളിൽ‍ ട്രക്കുകൾ‍ നിർ‍ത്തിയിടുന്നത് തിരക്ക് കൂടാനും മറ്റു വാഹനങ്ങൾ‍ക്ക് പാർ‍ക്കിങ്ങിന് സ്ഥലം ലഭിക്കാതിരിക്കാനും കാരണമാകുന്നതായി മുനിസിപ്പാലിറ്റിക്ക് അയച്ച കത്തിൽ‍ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അഹമ്മദ് നവാഫ് അസ്സബാഹ് ചൂണ്ടിക്കാട്ടി.   

പാർ‍പ്പിട പരിസരങ്ങളിലും വ്യാവസായിക, വാണിജ്യ, നിക്ഷേപ മേഖലകളിലും ട്രക്കുകൾ‍ പാർ‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ‍ പട്രോളിങ് ടീമുകൾ‍ മുഖേനയും പരിശോധന കാമ്പയിനുകളിലൂടെയുമാണ് പരിഹരിക്കുന്നത്. ആഭ്യന്തരമന്ത്രി നേരിട്ടഭ്യർ‍ഥിച്ച സ്ഥിതിക്ക് സ്ഥലം അനുവദിക്കപ്പെടുമെന്നും പദ്ധതി പ്രാവർ‍ത്തികമാകുമെന്നുമാണ് വിലയിരുത്തൽ‍. രാജ്യത്തെ പാർ‍ക്കിങ് പ്രശനം പരിഹരിക്കാന്‍ ബഹുനില പാർ‍ക്കിങ് സമുച്ഛയങ്ങൾ‍ പണിയാന്‍ മുന്‍സിപ്പാലിറ്റി തീരുമാനിച്ചിരുന്നു. ആദ്യ ഘട്ടമെന്ന നിലയിൽ‍ ശർ‍ഖിൽ‍ ബഹുനില പാർ‍ക്കിങ് സമുച്ചയം നിർ‍മിക്കാനാണ് പദ്ധതി.   വിജയകരമെന്ന് കണ്ടാൽ‍ മറ്റു നഗരങ്ങളിലും നിർ‍മ്മിക്കും. ബഹുനില പാർ‍ക്കിങ് സമുച്ചയം നിലവിൽ‍ വരുന്നതോടെ, സിറ്റിയിൽ‍ റോഡു വശങ്ങളിലും കടകളുടെയും കെട്ടിടങ്ങളുടെയുമെല്ലാം മുന്നിലുമായി വാഹനങ്ങൾ‍ നിർ‍ത്തിയിടുന്നത് ഒഴിവാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed