ഓട്ടിസം ബാധിതരായ ആയിരം കുരുന്നുകൾക്ക് കൈത്താങ്ങായി ‘രിഫാഈ കെയർ’; പദ്ധതി സമർപ്പിച്ചു
പ്രദീപ് പുറവങ്കര/ മനാമ
പ്രവാസലോകത്തെ സജീവ സംഘടനയായ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ആവിഷ്‌കരിച്ച ‘രിഫാഈ കെയർ’ കാരുണ്യ പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. തിരുവനന്തപുരത്ത് നടന്ന കേരള മുസ്‌ലിം ജമാഅത്ത് കേരള യാത്രയുടെ സമാപന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരും ചേർന്നാണ് പദ്ധതി സമർപ്പണം നിർവഹിച്ചത്. സംസ്ഥാനത്തെമ്പാടുമുള്ള ഓട്ടിസം ബാധിച്ച ആയിരം കുട്ടികൾക്ക് പ്രതിമാസം 2500 രൂപ വീതം വർഷത്തിൽ 30,000 രൂപയുടെ സാമ്പത്തിക സഹായം നൽകുന്നതാണ് ഈ ബൃഹദ് പദ്ധതി.
പാവപ്പെട്ടവർക്കായി ജീവിതം മാറ്റിവെച്ച രിഫാഈ ശൈഖിന്റെ സ്മരണാർത്ഥം ഐ.സി.എഫ് ബഹ്‌റൈൻ നാഷണൽ കമ്മിറ്റിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ബഹ്‌റൈനിലെ 42 യൂണിറ്റുകളിൽ നിന്നുള്ള സമാഹരണത്തിലൂടെയാണ് ഈ തുക കണ്ടെത്തുന്നത്. കോവിഡ് കാലത്ത് നോർക്കയുടെ ‘കെയർ ഫോർ കേരള’ പദ്ധതിയുടെ ഭാഗമായി വായനാട് മെഡിക്കൽ കോളേജിലും മലപ്പുറം താലൂക്ക് ആശുപത്രിയിലും ഓക്സിജൻ പ്ലാന്റുകൾ നൽകി സംഘടന മാതൃകയായിരുന്നു. അതിന്റെ തുടർച്ചയായാണ് ‘മനുഷ്യർക്കൊപ്പം’ എന്ന പ്രമേയത്തിൽ പുതിയ പദ്ധതിയുമായി ഐ.സി.എഫ് രംഗത്തെത്തിയിരിക്കുന്നത്.
gsdgsdfsds

