ഇരിട്ടിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; പകരുന്നത് കാക്കകളിൽ നിന്ന്
ഷീബ വിജയൻ
ഇരിട്ടി: നഗരസഭാ പരിധിയിലെ എടക്കാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പ്രദേശത്ത് ചത്തുവീണ കാക്കയുടെ സാമ്പിളുകൾ ഭോപ്പാലിലെ ലാബിൽ പരിശോധിച്ചതിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വളർത്തുപക്ഷികളിൽ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യം നിലവിലില്ലെങ്കിലും ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച എടക്കാനത്തിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം പ്രത്യേക നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. ഇവിടെയുള്ള വളർത്തുപക്ഷികൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടോ എന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്. വന്യപക്ഷികളിൽ നിന്ന് വളർത്തുപക്ഷികളിലേക്ക് വൈറസ് പടരാതിരിക്കാൻ കർഷകർ അതീവ ജാഗ്രത പാലിക്കണമെന്ന് വെറ്ററിനറി വിഭാഗം മുന്നറിയിപ്പ് നൽകി. ചത്ത പക്ഷികളെയോ രോഗം ബാധിച്ചവയെയോ നേരിട്ട് കൈകാര്യം ചെയ്യരുതെന്നും കൈകൾ സോപ്പിട്ട് കഴുകി വൃത്തിയാക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
അസ്വാഭാവികമായ രീതിയിൽ പക്ഷികൾ ചത്തൊടുങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ മൃഗാശുപത്രിയിൽ വിവരം അറിയിക്കണം. കോഴിയിറച്ചിയും മുട്ടയും നന്നായി വേവിച്ചു മാത്രം ഭക്ഷിക്കാൻ ശ്രദ്ധിക്കണം. രോഗബാധിത മേഖലകളിൽ ആരോഗ്യപ്രവർത്തകർ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. പനി അല്ലെങ്കിൽ ശ്വാസംമുട്ടൽ പോലുള്ള ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ ഉടൻ ചികിത്സ തേടണമെന്നും അധികൃതർ അറിയിച്ചു.
dfsadsdsadsa

