കപ്പടിച്ച് കണ്ണൂർ, തൃശ്ശൂരിനെ വീഴ്ത്തി കണ്ണൂരിന്റെ പടയോട്ടം
ഷീബ വിജയൻ
തൃശ്ശൂർ: സ്വന്തം തട്ടകത്തിൽ ആതിഥേയരായ തൃശ്ശൂരിനെ പിന്തള്ളി കണ്ണൂർ ജില്ല 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവ കിരീടം ചൂടി. വാശിയേറിയ കലാപോരാട്ടത്തിനൊടുവിൽ 1028 പോയിന്റുകൾ നേടിയാണ് കണ്ണൂർ സ്വർണ്ണക്കപ്പിൽ മുത്തമിട്ടത്. കഴിഞ്ഞ വർഷം നേരിയ വ്യത്യാസത്തിന് കൈവിട്ടുപോയ കിരീടം ഇത്തവണ നിശ്ചയദാർഢ്യത്തോടെയുള്ള പ്രകടനത്തിലൂടെ കണ്ണൂർ തിരിച്ചുപിടിക്കുകയായിരുന്നു. 249 മത്സരയിനങ്ങളുടെ ഫലം പുറത്തുവന്നപ്പോൾ അഞ്ച് പോയിന്റിന്റെ വ്യത്യാസത്തിലാണ് കണ്ണൂർ ഒന്നാം സ്ഥാനം നിലനിർത്തിയത്. സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായ എത്തുന്ന നടൻ മോഹൻലാൽ കണ്ണൂർ ജില്ലയ്ക്കുള്ള സ്വർണ്ണക്കപ്പ് സമ്മാനിക്കും.
കഴിഞ്ഞ വർഷത്തെ ജേതാക്കളായ തൃശ്ശൂർ 1023 പോയിന്റുകളുമായി രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 1017 പോയിന്റുള്ള കോഴിക്കോട് മൂന്നാം സ്ഥാനത്തും 1013 പോയിന്റുള്ള പാലക്കാട് നാലാം സ്ഥാനത്തുമുണ്ട്. അവസാന നിമിഷം വരെ നീണ്ടുനിന്ന ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇത്തവണത്തെ കലോത്സവത്തെ ശ്രദ്ധേയമാക്കിയത്. അതേസമയം, സ്കൂൾ തലത്തിൽ പാലക്കാട് ആലത്തൂർ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ് തുടർച്ചയായ 13-ാം തവണയും ഒന്നാം സ്ഥാനം നിലനിർത്തി ചരിത്രം കുറിച്ചു. സാംസ്കാരിക നഗരിയെ ആവേശത്തിലാഴ്ത്തിയ അഞ്ച് ദിവസത്തെ കലാമേളയ്ക്കാണ് ഇതോടെ തിരശ്ശീല വീഴുന്നത്.
erewfrerwewr

