കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും; സ്വർണ്ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം, സമ്മാനിക്കാൻ മോഹൻലാൽ എത്തും
ഷീബ വിജയൻ
തൃശ്ശൂർ: 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് സാംസ്കാരിക നഗരിയിൽ ഇന്ന് ആവേശകരമായ സമാപനം. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ആര് സ്വർണ്ണക്കപ്പിൽ മുത്തമിടുമെന്ന ആകാംക്ഷയിലാണ് കലോത്സവ നഗരി. സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തുന്ന നടൻ മോഹൻലാൽ വിജയികൾക്ക് സ്വർണ്ണക്കപ്പ് സമ്മാനിക്കും. ശനിയാഴ്ച വൈകുന്നേരം വരെയുള്ള പോയിന്റ് നിലയനുസരിച്ച് 990 പോയിന്റുകളുമായി കണ്ണൂർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. എന്നാൽ 983 പോയിന്റുള്ള തൃശ്ശൂരും 982 പോയിന്റുള്ള പാലക്കാടും തൊട്ടുപിന്നാലെയുള്ളത് മത്സരത്തിന്റെ ആവേശം വർദ്ധിപ്പിക്കുന്നു. 981 പോയിന്റുമായി കോഴിക്കോടും പോരാട്ടത്തിൽ സജീവമായുണ്ട്. നാലാം സ്ഥാനത്തായിരുന്ന ആതിഥേയരായ തൃശ്ശൂർ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത് കലോത്സവത്തിന്റെ അവസാന ദിനങ്ങളെ പ്രകമ്പനം കൊള്ളിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയോടെ പോയിന്റ് നിലയിൽ അന്തിമ വ്യക്തത വരുമെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നതിനാൽ അവസാന ഫലം പുറത്തുവരുന്നത് വരെ സസ്പെൻസ് നിലനിൽക്കും. മലപ്പുറം (950), കൊല്ലം (948), എറണാകുളം (955) എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ നിലവിലെ പോയിന്റ് നിലകൾ.
sddsfdfsds

