ഗ്രീൻലാൻഡ് തർക്കം മുറുകുന്നു; എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് കനത്ത തീരുവ പ്രഖ്യാപിച്ച് ട്രംപ്
ഷീബ വിജയൻ
വാഷിംഗ്ടൺ: ഗ്രീൻലാൻഡിന് മേലുള്ള അമേരിക്കൻ നിയന്ത്രണത്തെ എതിർത്ത എട്ട് യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ കടുത്ത സാമ്പത്തിക നടപടികളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഡെന്മാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമ്മനി, യുണൈറ്റഡ് കിംഗ്ഡം, നെതർലാൻഡ്‌സ്, ഫിൻലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം തീരുവ ചുമത്താനാണ് ട്രംപിന്റെ തീരുമാനം. ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിയന്ത്രണം 2026 ജൂൺ മാസത്തോടെ 25 ശതമാനമായി വർദ്ധിപ്പിക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ധാതുസമ്പന്നമായ ആർട്ടിക് ദ്വീപായ ഗ്രീൻലാൻഡിന് മേൽ ആധിപത്യം ഉറപ്പിക്കാനുള്ള അമേരിക്കയുടെ നീക്കങ്ങളെ നാറ്റോ സഖ്യകക്ഷികൾ ഉൾപ്പെടെയുള്ള ഈ രാജ്യങ്ങൾ ശക്തമായി എതിർത്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്.
ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കയോട് ചേർന്നുനിൽക്കുന്ന ഗ്രീൻലാൻഡ് നിലവിൽ ഡെന്മാർക്കിന്റെ സ്വയംഭരണ പ്രദേശമാണ്. അമേരിക്കൻ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഡെന്മാർക്കിന്റെ അഭ്യർത്ഥന പ്രകാരം ഈ എട്ട് രാജ്യങ്ങളും ഗ്രീൻലാൻഡിലേക്ക് സൈനികരെ അയച്ചിരുന്നു. ഗ്രീൻലാൻഡിന്റെ പ്രതിരോധത്തിനായി യൂറോപ്പും നാറ്റോയും ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, പ്രദേശത്തെ കര-വ്യോമ-നാവിക സേനകളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ സഖ്യകക്ഷികളുടെ ഈ നീക്കം അമേരിക്കയുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വ്യാപാര യുദ്ധത്തിന് സമാനമായ തീരുവ പ്രഖ്യാപനവുമായി ട്രംപ് രംഗത്തെത്തിയത്. ചരിത്രപരമായും രാഷ്ട്രീയമായും യൂറോപ്പിനോട് ചേർന്നുനിൽക്കുന്ന ഗ്രീൻലാൻഡിനെ ചൊല്ലിയുള്ള ഈ തർക്കം വരുംദിവസങ്ങളിൽ ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിമാറ്റിയേക്കും.
sadasdads

