സർക്കാർ സ്കൂളുകളിൽ പ്രത്യേക കായിക പരിശീലകരെ നിയമിക്കുന്നു; പാർലമെന്റ് ചൊവ്വാഴ്ച ചർച്ച ചെയ്യും
പ്രദീപ് പുറവങ്കര/ മനാമ
മനാമ: രാജ്യത്തെ എല്ലാ സർക്കാർ സ്‌കൂളുകളിലും സ്പെഷ്യലിസ്റ്റ് കായിക പരിശീലകരെ നിയമിക്കണമെന്ന സുപ്രധാന നിർദ്ദേശം വരാനിരിക്കുന്ന ചൊവ്വാഴ്ച ബഹ്‌റൈൻ പാർലമെന്റ് ചർച്ചയ്‌ക്കെടുക്കും. ഡോ. മഹ്ദി അൽ ശുവൈഖ് ഉൾപ്പെടെ അഞ്ച് എം.പിമാർ സമർപ്പിച്ച ഈ നിർദ്ദേശത്തിന് പാർലമെന്ററി സർവീസസ് കമ്മിറ്റിയുടെ പൂർണ്ണ പിന്തുണ ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച നടക്കുന്ന ചർച്ചയ്ക്ക് ശേഷം ബില്ലിന്മേൽ വോട്ടെടുപ്പ് നടക്കും.
സ്‌കൂൾ തലത്തിൽ തന്നെ കായിക പ്രതിഭകളെ കണ്ടെത്തുകയും അവർക്ക് ശാസ്ത്രീയമായ പരിശീലനം നൽകി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രത്യേക പരിശീലകരുടെ സാന്നിധ്യം വിദ്യാർത്ഥികളുടെ കായികമായ കഴിവുകളെ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് എം.പിമാർ വിശ്വസിക്കുന്നു.
എന്നാൽ, ഈ നിർദ്ദേശത്തോട് വിദ്യാഭ്യാസ മന്ത്രാലയം സമ്മിശ്ര നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നിലവിലുള്ള കായിക അധ്യാപകരും പരിശീലന രീതികളും നിലവിൽ തന്നെ കാര്യക്ഷമമാണെന്ന് മന്ത്രാലയം വാദിക്കുന്നു. 2024-ലെ ഇന്റർനാഷണൽ സ്കൂൾ ഗെയിംസിൽ ബഹ്‌റൈൻ നേടിയ 66 മെഡലുകളും ആഗോളതലത്തിൽ കൈവരിച്ച 13-ാം സ്ഥാനവും ഇതിന് തെളിവായി മന്ത്രാലയം ഉയർത്തിക്കാട്ടുന്നു. എങ്കിലും, വിഷയത്തിൽ കൂടുതൽ വിശദീകരണങ്ങൾ നൽകാൻ തയ്യാറാണെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
sdfdsdf

